തിരുവനന്തപുരം: സംസ്ഥാനത്ത് ഓണക്കിറ്റ് വിതരണം ഓഗസ്റ്റ് 26 മുതല്‍. ആദ്യഘട്ടത്തില്‍ എഎവൈ വിഭാഗത്തിനും ക്ഷേമ സ്ഥാപനങ്ങള്‍ക്കുമാണ് കിറ്റ് നല്‍കുക. കിറ്റില്‍ 14 ഇന സാധനങ്ങള്‍ ലഭ്യമാക്കുമെന്നും സെപ്തംബര്‍ 4ന് വിതരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി ജി.ആര്‍ അനില്‍ പറഞ്ഞു.
ബി.പി.എല്‍ – എ.പി.എല്‍ കാര്‍ഡ് വ്യത്യാസമില്ലാതെ റേഷന്‍ കാര്‍ഡ് ഒന്നിന് 25 രൂപ നിരക്കില്‍ 20 കിലോ അരി ലഭ്യമാക്കും. സഞ്ചരിക്കുന്ന മാവേലി സ്റ്റോറിലും ഇത്തവണ സബ്‌സിഡി ഉല്‍പ്പന്നങ്ങള്‍ ലഭിക്കും. 250ലധികം നിത്യോപയോഗ സാധനങ്ങള്‍ ഓഫര്‍ നിരക്കിലും ലഭ്യമാക്കും.
പഞ്ചസാര, വെളിച്ചെണ്ണ, തുവരപ്പരിപ്പ്, ചെറുപയര്‍ പരിപ്പ്, വന്‍പയര്‍, കശുവണ്ടി, നെയ് (മില്‍മ), ശബരി ഗോള്‍ഡ് ടീ, ശബരി പായസം മിക്‌സ്, ശബരി സാമ്പാര്‍ പൊടി, ശബരി മുളക് പൊടി, മഞ്ഞപ്പൊടി, മല്ലിപ്പൊടി, ഉപ്പ് എന്നിവയാകും ഓണക്കിറ്റിലുണ്ടാകുക. അതേസമയം വെളിച്ചെണ്ണ വില കുതിച്ചുയരുന്ന സാഹചര്യത്തില്‍ വില നിയന്ത്രണത്തിനായുള്ള നടപടികളും ഭക്ഷ്യസുരക്ഷ വകുപ്പ് ഊര്‍ജ്ജിതമാക്കി.
ഓണച്ചന്തകള്‍ ഇത്തവണയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. സബ്‌സിഡി സാധനങ്ങള്‍ക്ക് പുറമെ ശബരി ഉല്‍പന്നങ്ങള്‍, മറ്റ് എം.എം.സി.ജി ഉല്‍പന്നങ്ങള്‍, മില്‍മ്മ ഉല്‍പ്പന്നങ്ങള്‍, കൈത്തറി ഉല്‍പ്പന്നങ്ങള്‍, പഴങ്ങള്‍, ജൈവ പച്ചക്കറി കള്‍ എന്നിവ മേളയില്‍ 10 മുതല്‍ 50 ശതമാനം വരെ വിലക്കുറവില്‍ വില്‍പന നടത്തും.