Saturday , October 4 2025, 8:42 am

മെസ്സി വരുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി; ഒക്ടോബറിലോ നവംബറിലോ കേരളത്തിലെത്തുമെന്നും മന്ത്രി

തിരുവനന്തപുരം: ഫുട്‌ബോള്‍ ഇതിഹാസം ലയണല്‍ മെസ്സിയും ടീമും കേരളത്തിലെത്തുമെന്ന് ആവര്‍ത്തിച്ച് കായിക മന്ത്രി വി.അബ്ദുറഹിമാന്‍. ഒക്ടോബറിലോ നവംബറിലോ ടീം കേരളത്തിലെത്തുമെന്നാണ് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചത്. അര്‍ജന്റീന ടീം വരില്ലെന്ന് അറിയിച്ചിട്ടില്ലെന്നും നവംബറില്‍ വരണമെന്നാണ് ആഗ്രഹിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

സ്‌പെയിനില്‍ പോയത് അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷനെ കാണാന്‍ വേണ്ടി മാത്രമല്ല. തിരുവനന്തപുരത്തെ സ്റ്റേഡിയം നിര്‍മാണവുമായി ബന്ധപ്പെട്ട് സ്‌പെയിനിലെ സ്‌പോര്‍ട്‌സ് കൗണ്‍സിലുമായി ചര്‍ച്ച നടത്താനാണ്. അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട കൂടുതല്‍ കാര്യങ്ങള്‍ സ്‌പോണ്‍സറുമായി സംസാരിച്ച ശേഷം അറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

അര്‍ജന്റീന ടീമിന്റെ കേരള സന്ദര്‍ശനവുമായി ബന്ധപ്പെട്ട് കേരള സര്‍ക്കാര്‍ കരാര്‍ ലംഘിച്ചെന്ന അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മാര്‍ക്കറ്റിങ് മേധാവി ലിയാന്‍ഡ്രോ പീറ്റേഴ്‌സന്‍ ആരോപിച്ചിരുന്നു. ടീമിന്റെ കേരള സന്ദര്‍ശനം ഈ വര്‍ഷം ഉണ്ടാവില്ലെന്നും പീറ്റേഴ്‌സണ്‍ പറഞ്ഞിരുന്നു. എന്നാല്‍ ടീമുമായി സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടിട്ടില്ലെന്നും സ്‌പോണ്‍സര്‍മാരാണ് അര്‍ജന്റീന ടീമുമായി കരാര്‍ ഒപ്പിട്ടിട്ടുള്ളതെന്നുമാണ് മന്ത്രി ഇതിനോട് പ്രതികരിച്ചിരുന്നത്. ടീമിനെ കേരളത്തിലെത്തിക്കാന്‍ സ്‌പോണ്‍സര്‍മാരായ റിപ്പോര്‍ട്ടര്‍ ബ്രോഡ്കാസ്റ്റിങ് 130 കോടി നല്‍കിയെന്ന് കമ്പനിയുടെ എംഡി ആന്റോ അഗസ്റ്റിന്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞിരുന്നു.

Comments