Friday , August 1 2025, 7:21 pm

വേണം വി എസിന് ക്യാപിറ്റൽ പണിഷ്മെൻ്റ്

ജേക്കബ് തോമസ്

റോസ ലക്സംബെർഗ് തലയ്ക്ക് അടിയേറ്റാണ് മരിച്ചത്.

ജർമ്മൻകമ്യൂണിസ്റ്റായിരുന്നു. സ്റ്റാലിനുമായി പ്രത്യയശാസ്ത്രപ്രശ്നങ്ങളിൽ കടുത്ത ഭിന്നതയുണ്ടായിരുന്നു.

1919 ലാണ് ജർമ്മൻ വിപ്ളവം.

ഒക്ടോബർ വിപ്ളവത്തിന് പിന്നാലെ . സോഷ്യൽ ഡെമോക്രാറ്റുകൾ അധികാരം പിടിച്ചു . ഇടതുപക്ഷ നിലപാടുകളുടെ പേരിൽ ജർമ്മൻ കമ്യൂണിസ്റ്റ് പാർട്ടിയുമായി ഭിന്നാഭിപ്രായമായി.സർക്കാരിനെതിരെ കലാപമുണ്ടായി. കലാപം അടിച്ചമർത്താൻ കൂലി പട്ടാളക്കാരെയാണ് സോഷ്യലിസ്റ്റ് ഭരണം ഇറക്കിയത് . ഇവരാണ് ബെർലിനിലെ ഹോട്ടലിൽ നിന്ന് റോസയെ പിടി കൂടി തലയ്ക്ക് അടിച്ചും വെടിവെച്ചും കൊല്ലുന്നത്.

സോഷ്യലിസ്റ്റുകൾ കമ്യൂണിസ്റ്റുകളെ കൊന്ന ചരിത്രം .

ക്യാപിറ്റൽ പണിഷ്മെൻ്റ് നടപ്പാക്കിയത് കൂലിപട്ടാളവും .

ക്യാപിറ്റൽ പണിഷ്മെൻ്റിന് മാർക്സ് എതിരായിരുന്നു.

ഭരണകൂടം തന്നെ ഇല്ലാതാവുന്ന ഒരു കമ്യൂണിസ്റ്റ് ഉട്ടോപ്പിയ ഉണ്ടാവുമെന്നും അവിടെ കുറ്റകൃത്യങ്ങളേ ഉണ്ടാവില്ലെന്നുമായിരുന്നു ഇതിന് ആധാരമായ ന്യായം. പക്ഷെ സ്റ്റാലിനും ലെനിനും വിട്ടുവീഴ്ചക്കില്ലായിരുന്നു.പ്രതിവിപ്ളവകാരികളെ കൊല്ലണം. ഭരണത്തെ പേടിക്കുന്ന രാഷ്ട്രയ കാലാവസ്ഥ ഉണ്ടാക്കണം. വർഗസമരം എളുപ്പത്തിലാക്കണം . ഇതായിരുന്നു ക്യാപ്പിറ്റൽ പണിഷ്മെൻ്റിന് കമ്യൂണിസ്റ്റുകൾ മുന്നോട്ടു വെച്ച ഉപാധികൾ.

കേരളത്തിൽ ഇതിലേത് തരം കമ്യൂണിസ്റ്റ് രാഷ്ട്രീയകാലാവസ്ഥയുണ്ടെന്ന്  പരിശോധിക്കാവുന്നതാണ്.

ഈ മൂന്ന് കമ്യൂണിസ്റ്റ് കുറ്റകൃത്യങ്ങളിൽ ഏതിലാണ് വി എസ് അച്യുതാനന്ദൻ ഏർപ്പെട്ടതെന്നും പഠിക്കേണ്ടതാണ്. ഒന്നാമത് മേൽപ്പടി ഒരു കമ്യൂണിസ്റ്റ് ഉട്ടോപ്പിയ  കമ്യൂണിസ്റ്റുകൾ 1964 ലെ കൽക്കത്ത കോൺഗ്രസിൽ തന്നെ ഉപേക്ഷിച്ചതാണ്. ജനകീയ ജനാധിപത്യവിപ്ളവം പൂർത്തിയാക്കിയിട്ട് എന്തേലും ബാക്കിയുണ്ടെങ്കിൽ സമ്പൂർണ വിപ്ളവമാവാമെന്നായിരുന്നു ധാരണ .

ജനാധിപത്യ വിപ്ളവമെന്നാൽ വോട്ട് വാങ്ങി അധികാരം പിടിക്കൽ തന്നെ.

ഈ വിപ്ളവപാതയിൽ 64 മുതൽ വോട്ടും പോയി ഭരണവും പോയ ചരിത്രമാണ് ഇന്ത്യൻ കമ്യൂണിസ്റ്റുകളുടേത് .അവസാനം ത്രിപുര വരെ . കഴിച്ചു ബാക്കി കേരളമാണ്. അതും ഒരു മഴവിൽ മുന്നണിയുടെ ദയാദാക്ഷിണ്യത്തിൽ . അവിടെയാണ് ഒരു മാസ് കമ്യൂണിസ്റ്റ് നേതാവിന് ക്യാപ്പിറ്റൽ പണിഷ്മെൻ്റ് വിധിക്കാൻ പാർട്ടി ഇറങ്ങിയത്.

ജനകീയ ജനാധിപത്യവിപ്ളവത്തിൻ്റെ പാതയിൽ കേരളത്തിൽ പാർട്ടിയുടെ ഏറ്റവും മികച്ച മൂലധനമായിരുന്നു വി എസ്. ആളും ആരവവും വിശ്വാസ്യതയുള്ള നേതാവ് . അയാളെ തൂക്കി കൊല്ലണമെന്നാണ് ഇളംമുറക്കാരും പുത്തൻകൂറ്റുകാരും വിധി പ്രസ്താവിച്ചത്.

സോഷ്യലിസ്റ്റ് ജനാധിപത്യത്തിൽ സോഷ്യലിസമില്ല . ജനാധിപത്യവും കമ്മിയാണ്.

അതു കൊണ്ടാണ് ജർമ്മൻ സോഷ്യലിസ്റ്റുകൾ റോസയെ തലയ്ക്കടിച്ചു കൊന്നത്.

Comments