Thursday , June 26 2025, 4:48 pm

‘പിണറായി വഞ്ചകന്‍’; വി.എസിനെ വഞ്ചിച്ചാണ് പിണറായി മുഖ്യമന്ത്രി ആയത്; പി.വി അന്‍വര്‍

മലപ്പുറം: തന്നെ വഞ്ചകനായി ചിത്രീകരിക്കാനാണ് എല്‍.ഡി.എഫിന്റെ ശ്രമമെന്ന് പി.വി അന്‍വര്‍. പി.വി അന്‍വര്‍ വഞ്ചകനാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം. ആദ്യം വഞ്ചിച്ചത് വി.എസിനെയാണെന്നും അതിന്റെ പ്രതിഫലമായാണ് പിണറായിക്ക് മുഖ്യമന്ത്രി സ്ഥാനം ലഭിച്ചതെന്നും പി.വി അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഒരു ജില്ലയെ മുഴുവന്‍ വഞ്ചിച്ച് കൊണ്ടാണ് മലപ്പുറം ജില്ലക്കെതിരെ മുഖ്യമന്ത്രി ഹിന്ദു പത്രത്തിന് അഭിമുഖം നല്‍കിയതെന്നും അന്‍വര്‍ പറഞ്ഞു.

കേരളത്തിലെ മാധ്യമങ്ങളോടൊന്നും പറയാത്ത കാര്യമാണ് ദല്‍ഹിയില്‍ പോയി മുഖ്യമന്ത്രി ഹിന്ദുവിനോട് പറഞ്ഞത്. മലപ്പുറം ജില്ലയിലെ ഭൂരിപക്ഷ സമുദായമാണ് കേരളത്തിലെ കള്ളക്കടത്തില്‍ മുന്നില്‍ എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. ഇതുവഴി ബി.ജെ.പിക്ക് ഒരു ആയുധം ഉണ്ടാക്കി നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തത്. ഈ വഞ്ചന നിലമ്പൂരിലെ ജനങ്ങള്‍ക്ക് മനസിലാക്കാനാകുമെന്നും അന്‍വര്‍ പറഞ്ഞു.

2021ല്‍ പിണറായി സര്‍ക്കാര്‍ രണ്ടാംവട്ടവും അധികാരത്തിലെത്തിയപ്പോള്‍ ന്യൂനപക്ഷങ്ങള്‍ക്കും മറ്റ് മതേതര മനുഷ്യര്‍ക്കും നല്‍കിയ വാക്ക് പാലിക്കാന്‍ പിണറായി സര്‍ക്കാരിന് കഴിഞ്ഞില്ല. സി.ആര്‍.സി, എന്‍.ആര്‍.സി സമരവുമായി ബന്ധപ്പെട്ട കേസുകള്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് മുഖ്യമന്ത്രി ജനങ്ങളെ വഞ്ചിച്ചെന്നും അന്‍വര്‍ പറഞ്ഞു. മുനമ്പം വിഷയത്തില്‍ ക്രൈസ്തവ സമുദായത്തെയാകെ മുഖ്യമന്ത്രി വഞ്ചിച്ചെന്നും അന്‍വര്‍ കൂട്ടിച്ചേര്‍ത്തു.

Comments