Sunday , July 20 2025, 12:59 pm

‘ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാര്‍ ഉണ്ടായിരുന്നു പിണറായിയും ഗഡ്കരിയും; പൊളിഞ്ഞപ്പോള്‍ ആരുമില്ല’; പരിഹസിച്ച് കെ മുരളീധരന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ ദേശീയപാതയില്‍ വിളളലും മണ്ണിടിച്ചിലുമുണ്ടായ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ദേശീയപാതയ്ക്ക് രണ്ട് പിതാക്കന്മാരായിരുന്നു ഉണ്ടായിരുന്നതെന്നും പൊളിഞ്ഞപ്പോള്‍ പിതാക്കന്മാരില്ലാത്ത അനാഥരെപ്പോലെയായെന്നും കെ മുരളീധരന്‍ പറഞ്ഞു. ഇപ്പോള്‍ ദേശീയപാതയിലൂടെ സഞ്ചരിക്കാന്‍ ഭയമാണെന്നും അശാസ്ത്രീയ നിര്‍മ്മാണം കാരണം റോഡുകള്‍ തകരുകയാണെന്നും അദ്ദേഹം പറഞ്ഞു. റോഡുകളുടെ നിര്‍മ്മാണം പൂര്‍ണമായും പരിശോധിക്കണമെന്നും കെ മുരളീധരന്‍ ആവശ്യപ്പെട്ടു.

മലപ്പുറം, തൃശൂർ, കാസർകോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് ദേശീയപാതയിൽ വ്യാപക വിള്ളലും മണ്ണിടിച്ചിലും കണ്ടെത്തിയത്. മലപ്പുറത്ത് എടരിക്കോട് മമ്മാലിപ്പടിയിലാണ് ദേശീയപാതയിൽ വിള്ളൽ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ് താണിരുന്നു. തൃശൂർ ചാവക്കാട് നിർമാണം പുരോഗമിക്കുന്ന മണത്തല പ്രദേശത്താണ് മേൽപ്പാലത്തിന് മുകളിൽ വിള്ളൽ കണ്ടെത്തിയത്. കാസർകോട് ദേശീയപാത നിർമാണം നടക്കുന്ന മാവുങ്കാൽ കല്യാൺ റോഡിന് സമീപമാണ് വിള്ളൽ കണ്ടെത്തിയത്. കണ്ണൂരിൽ ദേശീയപാതയ്ക്ക് സമീപം തളിപ്പറമ്പ് കുപ്പത്താണ് വ്യാപക മണ്ണിടിച്ചിലുണ്ടായത്.

സ്മാര്‍ട്ട് റോഡ് ഉത്ഘാടനവുമായി ബന്ധപ്പെട്ടും കെ മുരളീധരന്‍ പ്രതികരിച്ചു. അമ്മായിയപ്പനും മരുമകനും കൂടി സ്മാര്‍ട്ട് റോഡ് ഉദ്ഘാടനം ചെയ്യാനാണ് തീരുമാനിച്ചതെന്നും പണം മുടക്കിയ വകുപ്പ് മന്ത്രിയെപ്പോലും തഴഞ്ഞെന്നും മുരളീധരന്‍ പറഞ്ഞു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ നാലാം വാര്‍ഷികം പിണറായി സര്‍ക്കാരിന്റെ ചരമവാര്‍ഷികമായി മാറിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തെ സ്മാര്‍ട്ട് റോഡുകളുടെ ഉദ്ഘാടനം ഈ മാസം നടക്കുമെന്നാണ് വിവരം. കേബിളുകള്‍ ഭൂമിക്കടിയിലാക്കിയും പുതിയ തെരുവുവിളക്കുകളും നടപ്പാതയും സ്ഥാപിച്ചും 12 റോഡുകളാണ് സ്മാര്‍ട്ട് നിലവാരത്തില്‍ പുനര്‍നിര്‍മ്മിച്ചത്. ഇവയുടെ നിര്‍മ്മാണം 95 ശതമാനം പൂര്‍ത്തിയായതായി അധികൃതര്‍ അറിയിച്ചിരുന്നു. സ്മാര്‍ട്ട് റോഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുപ്പതോളം റോഡുകളുടെ നവീകരണവും നടത്തിയിരുന്നു. ഇവയുടെ ഉദ്ഘാടനമാണ് ഈ മാസം നടക്കുക.

Comments