തിരുവനന്തപുരം: പോക്‌സോ കേസില്‍ ഉള്‍പെട്ട വിവാദ യൂട്യൂബറെ പ്രവേശനോത്സവച്ചടങ്ങില്‍ മുഖ്യാതിഥിയാക്കിയ സ്‌കൂള്‍ നടപടി വിവാദത്തില്‍. പോക്‌സോ കേസ് പ്രതിയായ മുകേഷ് എം. നായരാണ് തിരുവനന്തപുരം ഫോര്‍ട്ട് ഹൈസ്‌കൂളില്‍ നടന്ന പ്രവേശനോത്സവത്തില്‍ മുഖ്യാതിഥിയായത്.
നഗരത്തിലെ പുരാതനമായ എയ്ഡഡ് സ്‌കൂളിലാണ്, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അര്‍ദ്ധനഗ്‌നയാക്കി വിഡിയോ ചിത്രീകരിച്ച കേസില്‍ പ്രതിചേര്‍ക്കപ്പെട്ട മുകേഷ് എം. നായരെ മുഖ്യാതിഥിയായി പരിപാടിയില്‍ പങ്കെടുപ്പിച്ചത്. പോക്‌സോ കോടതിയില്‍നിന്ന് ഉപാധികളോടെയാണ് ഇയാള്‍ ജാമ്യത്തിലിറങ്ങിയത്. സ്‌കൂളില്‍നിന്ന് പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നതവിജയം നേടിയ കുട്ടികള്‍ക്ക് ഉപഹാരം നല്‍കാനാണ് ഇയാളെ ക്ഷണിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞത്.
പോക്‌സോ കേസില്‍ ഉള്‍പ്പെട്ട അധ്യാപകരെ സര്‍വിസില്‍ നിന്ന് നീക്കം ചെയ്യുന്നതടക്കം കര്‍ശന നിലപാടുകള്‍ പൊതുവിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കുമ്പോഴാണ് വകുപ്പിനുതന്നെ കളങ്കമുണ്ടാക്കുന്ന സംഭവം. സ്‌കൂളിലെ കുട്ടികള്‍ക്ക് പഠനോപകരണങ്ങള്‍ വിതരണം ചെയ്യാനെത്തിയ സംഘടനയാണ് മുകേഷ് എം. നായരെ മുഖ്യാതിഥിയായി എത്തിച്ചതെന്നാണ് സ്‌കൂള്‍ അധികൃതര്‍ നല്‍കുന്ന വിശദീകരണം. സംഭവം വിവാദമായതോടെ വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
DeToor reflective wanderings…