Thursday , July 31 2025, 1:55 am

മുട്ടില്‍ സൗത്ത് വില്ലേജിലെ അനധികൃത ഈട്ടിമുറി: 31 കേസുകളില്‍ കെ.എല്‍.സി നടപടികള്‍ എങ്ങുമെത്തിയില്ല

കല്‍പറ്റ: വയനാട് മുട്ടില്‍ സൗത്ത് വില്ലേജിലെ റവന്യു പട്ടയഭൂമികളില്‍ 2020-2021ല്‍ നടന്ന അനധികൃത ഈട്ടി മുറിയുമായി ബന്ധപ്പെട്ട കേസുകളില്‍ 31 എണ്ണത്തില്‍ കെ.എല്‍.സി(കേരള ലാന്‍ഡ് കണ്‍സര്‍വന്‍സി) നടപടികള്‍ എങ്ങുമെത്തിയില്ല. തീര്‍പ്പാക്കിയ 37 കേസുകളില്‍ കണക്കാക്കിയ പിഴ കക്ഷികളില്‍ ആരും അടച്ചില്ല. ജില്ലാ ഗവ.പ്ലീഡറും പ്രോസിക്യൂട്ടറുമായിരുന്ന അഡ്വ.ജോസഫ് മാത്യുവിന് വിവരാവകാശ നിയമപ്രകാരം വൈത്തിരി തഹസില്‍ദാരുടെ കാര്യാലയത്തില്‍നിന്നു ലഭിച്ച മറുപടിയിലാണ് ഈ വിവരം.

നിയമവിരുദ്ധ ഈട്ടിമുറിയുമായി ബന്ധപ്പെട്ട് 68 കേസുകളാണ് കെ.എല്‍.സി നടപടിക്കുവിട്ടത്. ഇതില്‍ 37 എണ്ണത്തില്‍ 8.29 കോടി രൂപയാണ് പിഴ കണക്കാക്കിയത്. ബാക്കി കേസുകള്‍ എപ്പോള്‍ തീര്‍പ്പാക്കുമെന്നതില്‍ അനിശ്ചിതത്വം തുടരുകയാണ്. 2021 ഫെബ്രുവരിയില്‍ ആരംഭിച്ചതാണ് കെ.എല്‍.സി നടപടികള്‍.
മുട്ടില്‍ സൗത്ത് വില്ലേജില്‍ റവന്യു പട്ടയഭൂമികളില്‍നിന്നു മുറിച്ച മരങ്ങള്‍ 2021 ജൂണിലാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത് കുപ്പാടി ഡിപ്പോയിലേക്ക് മാറ്റിയത്. 231 ക്യുബിക് മീറ്റര്‍ ഈട്ടിയാണ് ഡിപ്പോയിലുള്ളത്. ഓരോ വര്‍ഷം കഴിയുമ്പോഴും തടികളുടെ ഗുണനിലവാരം കുറയുകയാണ്. ഇപ്പോഴത്തെ ചീഫ് സെക്രട്ടറി ഡോ.എ.ജയതിലക് റവന്യു സെക്രട്ടറിയായിരിക്കേ 2020 ഒക്ടോബര്‍ 24ന് പുറപ്പെടുവിച്ച ഉത്തരവിന്റെ മറവിലാണ് പൊതുഖജനാവിന് കോടിക്കണക്കിനു രൂപ നഷ്ടം വരുത്തിയ ഈട്ടിമുറി നടന്നത്.

റവന്യു പട്ടയഭൂമികളിലെ മരങ്ങള്‍ പൊതുമുതലായി സംരക്ഷിച്ചുവന്നതും 2020 ഓഗസ്റ്റ് 21ലെ ഹൈക്കോടതി ഉത്തരവ് പ്രകാരം മുറിക്കാന്‍ അനുമതി ഇല്ലാത്തതുമാണ്. റവന്യു വകുപ്പിന്റെ 2020 മാര്‍ച്ച് 11ലെ പരിപത്രവും 2020 ഒക്ടോബര്‍ 24ലെ ഉത്തരവും നിയമപ്രാബല്യം ഇല്ലാത്തതാണെന്നു 2021 ജൂലൈയില്‍ മരംമുറിക്കേസിലെ പ്രതികളില്‍ ചിലരുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.

കുപ്പാടി വനം ഡിപ്പോയില്‍ സൂക്ഷിച്ചിരിക്കുന്ന ഈട്ടിത്തടികള്‍ ലേലം ചെയ്യുന്നതിനു അനുവാദം തേടി സൗത്ത് വയനാട് ഡി.എഫ്.ഒ സമര്‍പ്പിച്ച ഹര്‍ജിയും തടികളുടെ സംരക്ഷണച്ചുമതല ലഭിക്കുന്നതിന് മരംമുറിക്കേസിലെ പ്രതികളില്‍ ചിലര്‍ സമര്‍പ്പിച്ച ഹര്‍ജിയും വീണ്ടും പരിഗണിക്കുന്നതിന് ജൂണ്‍ ഏഴിലേക്ക്
ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതി മാറ്റിയിരിക്കയാണ്. ഹര്‍ജികളില്‍ കക്ഷികള്‍ താത്പര്യം കാട്ടാത്ത സ്ഥിതിയാണുള്ളത്. തടികളുടെ സംരക്ഷണച്ചുമതല വിട്ടുകിട്ടുന്നതിനുള്ള ഹര്‍ജിക്ക് ഏകദേശം മൂന്നു വര്‍ഷമാണ് പഴക്കം.

തടികളുടെ സംരക്ഷണം മുന്‍നിര്‍ത്തി 2023 ജനുവരി ആറിന് ജില്ലാ കോടതി നല്‍കിയ നിര്‍ദേശങ്ങള്‍ വനം വകുപ്പ് പാലിച്ചിട്ടില്ല. തടികള്‍ മേല്‍ക്കൂരയുള്ള ഷെഡില്‍ നിലത്തുനിന്നു മതിയായ ഉയരത്തില്‍ വെയിലോ മഴയോ ഈര്‍പ്പമോ തട്ടാതെ കേസ് തീര്‍പ്പാകുന്നതുവരെസൂക്ഷിക്കണമെന്നായിരുന്നു കോടതി നിര്‍ദേശം. ഈട്ടിമുറിയുമായി ബന്ധപ്പെട്ട് വനം വകുപ്പ് രജിസ്റ്റര്‍ ചെയ്ത ഒആര്‍ 01/2021 മുതല്‍ 43/2021 വരെയുള്ള കേസുകളില്‍ കുറ്റപത്ര സമര്‍പ്പണം നടന്നിട്ടില്ല. കേസുകളില്‍ ഉള്‍പ്പെടെ മുഴുവന്‍ തടികളും വനം വകുപ്പ് കസ്റ്റഡിയില്‍ എടുത്തിട്ടില്ല. തടികളുടെ കണ്ടുകെട്ടല്‍ പൂര്‍ത്തിയായില്ല. കണ്ടുകെട്ടല്‍ നടപടികള്‍ക്കെതിരേ കോടതിയിലുള്ള കേസുകള്‍ അനിശ്ചിതമായി നീളുകയാണ്. പോലീസ് കേസുകളില്‍ 25 ഓളം എണ്ണത്തില്‍ കുറ്റപത്രം സമര്‍പ്പിക്കാനുണ്ട്. ഇതിനകം 22 കേസുകളിലാണ് കുറ്റപത്ര സമര്‍പ്പണം നടന്നത്. ഈട്ടി മുറിയില്‍ തുടരന്വേഷണം സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ശിപാര്‍ശ ചെയ്തത് ക്രൈംബ്രാഞ്ച് തള്ളുകയാണുണ്ടായത്.

Comments