പാലക്കാട്: ‘‘ഒരുപാട് സന്തോഷമുണ്ട് എനക്ക്’’-ഏറെക്കാലം കരഞ്ഞുകലങ്ങിയ മല്ലിയുടെ കണ്ണുകൾക്ക് വ്യാഴാഴ്ച തിളക്കമേറെയായിരുന്നു. അട്ടപ്പാടിയിൽ ആൾക്കൂട്ടം ജീവനെടുത്ത മകൻ മധുവിന്റെ ഓർമ്മകളുള്ള മണ്ണിന്റെ കൈവശാവകാശരേഖ ആദ്യമായി കൈയിൽ കിട്ടിയതിലുള്ള സന്തോഷത്തിളക്കം.
വനംവകുപ്പിന്റെ കൈവശമുള്ള പുതൂർ കടുകുമണ്ണയിലെ 3.45 ഹെക്ടർ ഭൂമിയാണ് പതിറ്റാണ്ടുകൾക്കുശേഷം മല്ലിക്ക് സ്വന്തം പേരിൽ പതിച്ചുകിട്ടിയത്. പാലക്കാട്ട് നടന്ന സർക്കാരിന്റെ പട്ടയമേളയിൽ മന്ത്രി കെ. രാജന്റെ കൈയിൽനിന്ന് രേഖ ഏറ്റുവാങ്ങി.
‘‘ഞങ്ങൾ ജനിച്ചുവീണ മണ്ണാണത്. കാട്ടിനുള്ളിലാണ്. അപ്പനപ്പൂപ്പന്മാരും ജനിച്ചതും വളർന്നതുമെല്ലാം അവിടെത്തന്നെ. മധു ജനിച്ചത് ചിണ്ടക്കിയിലാണെങ്കിലും അച്ഛൻ മരിച്ചതോടെ പത്താംവയസ്സുമുതൽ കടുകുമണ്ണയിലുണ്ടായിരുന്നു. വർഷങ്ങളോളം അവിടെ താമസിച്ചശേഷമാണ് തിരിച്ച് ചിണ്ടക്കിയിലേക്ക് മാറിയത്. കടുകുമണ്ണയിൽ സ്വന്തമെന്നു പറയാൻ ഇതുവരെ കടലാസൊന്നും ഉണ്ടായിരുന്നില്ല. ഇപ്പോൾ അതായി’’-മല്ലി പറഞ്ഞു.
മല്ലിയും കുടുംബവും നിലവിൽ ചിണ്ടക്കിയിലാണ് താമസം. കടുകുമണ്ണയിൽ ബന്ധുക്കൾ മാത്രമേയുള്ളൂ. എങ്കിലും മല്ലിയുടെ നേതൃത്വത്തിൽ ഈ ഭൂമിയിൽ തിന, റാഗി, ചാമ, ചോളം തുടങ്ങിയവയെല്ലാം കൃഷിചെയ്യുന്നുണ്ട്.
വനംവകുപ്പിന് കീഴിലുള്ള കടുകമണ്ണ ഉന്നതിയിൽ പ്രാക്തന ഗോത്രവിഭാഗക്കാരായ 60-ഓളം കുടുംബങ്ങളുണ്ട്. ഇതുവരെ 30-ലധികം കുടുംബങ്ങൾക്കാണ് വനാവകാശരേഖ ലഭിച്ചിട്ടുള്ളത്. കേന്ദ്ര വനാവകാശനിയമപ്രകാരം മല്ലിക്കു നൽകിയ ഭൂമി വിൽക്കാനോ മറ്റു ക്രയവിക്രയങ്ങൾ നടത്താനോ പാടില്ല. കുടുംബത്തിലെ അവകാശികൾക്കു മാത്രമേ ഭൂമി കൈമാറാനാകൂയെന്ന് പുതൂർ ട്രൈബൽ എക്സ്‌റ്റൻഷൻ ഓഫീസർ എം.ജി. അനിൽ കുമാർ പറഞ്ഞു.
DeToor reflective wanderings…