Saturday , October 4 2025, 1:58 pm

നിലമ്പൂർ : ഉപതെരഞ്ഞെടുപ്പിനുള്ള സാധ്യത മങ്ങുന്നു

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ്‌ നടക്കുമോയെന്ന സംശയത്തില്‍ വിവിധ രാഷ്‌ട്രീയകക്ഷികള്‍. അടുത്തവര്‍ഷം ഏപ്രില്‍-മേയില്‍ സംസ്‌ഥാനത്തു നിയമസഭാ തെരഞ്ഞെടുപ്പ്‌ നടക്കാനിരിക്കേ, വെറും ഒന്‍പതുമാസത്തേക്കായി നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പ്‌ നടത്താന്‍ കേന്ദ്രസര്‍ക്കാരും കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമ്മിഷനും തയാറാകുമോയെന്നാണ്‌ രാഷ്‌ട്രീയകേരളം ഉറ്റുനോക്കുന്നത്‌.

ജമ്മു കശ്‌മീരിലെ രണ്ട്‌ നിയമസഭാ മണ്ഡലങ്ങളിലും ഉപതെരഞ്ഞെടുപ്പ്‌ നടക്കേണ്ടതുണ്ട്‌. എന്നാല്‍, നിലവിലെ സുരക്ഷാസാഹചര്യം പരിഗണിച്ചാകും ഇക്കാര്യത്തില്‍ തീരുമാനം. അഞ്ചുവര്‍ഷം മുമ്പ്‌ ചവറ ഉപതെരഞ്ഞെടുപ്പ്‌ ഒഴിവാക്കിയതു പുതിയ എം.എല്‍.എയ്‌ക്ക് ഒരുവര്‍ഷം തികച്ച്‌ കിട്ടില്ലെന്ന കാരണത്താലാണ്‌. അന്ന്‌ സംസ്‌ഥാനത്തെ എല്ലാ രാഷ്‌ട്രീയകക്ഷികളും ഉപതെരഞ്ഞെടുപ്പ്‌ വേണ്ടെന്നു കമ്മിഷനെ അറിയിച്ചു. എന്നാല്‍, നിലമ്പൂരില്‍ സ്‌ഥിതി അതല്ല. യു.ഡി.എഫ്‌. ഉപതെരഞ്ഞെടുപ്പ്‌ വേണമെന്ന നിലപാടിലാണ്‌. സ്‌ഥാനാര്‍ഥിയുടെ പേര്‌ വയ്‌ക്കാതെ ചുവരെഴുത്തും തുടങ്ങി.
നിലമ്പൂരില്‍ ഉപതെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങള്‍ തെരഞ്ഞെടുപ്പ്‌ കമ്മിഷന്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്‌. അന്തിമ വോട്ടര്‍ പട്ടിക ഉള്‍പ്പെടെ തയാറായി. വോട്ടിങ്‌ യന്ത്രങ്ങളുടെ പ്രാഥമികപരിശോധന നടത്തി. കഴിഞ്ഞ ഏപ്രില്‍ ഏഴുമുതല്‍ ഒമ്പതുവരെ സംസ്‌ഥാന മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസര്‍ ഡോ. രത്തന്‍ യു. ഖേല്‍ക്കറിന്റെ നേതൃത്വത്തില്‍ മണ്ഡലസന്ദര്‍ശനവും നടത്തിയിരുന്നു.

Comments