Thursday , June 26 2025, 5:26 pm

തൃണമൂല്‍ കോണ്‍ഗ്രസിനെ അസോഷ്യേറ്റ് പാര്‍ട്ടിയാക്കാന്‍ യു.ഡി.എഫ് തീരുമാനം

കോട്ടയം: തൃണമൂല്‍ കോണ്‍ഗ്രസിനെ യുഡിഎഫിലെ അസോഷ്യേറ്റ് പാര്‍ട്ടിയാക്കാന്‍ യു.ഡി.എഫ് തീരുമാനം. ഹൈക്കമാന്‍ഡ് അനുമതി ലഭിച്ചാല്‍ വൈകാതെ പ്രഖ്യാപനമുണ്ടാകും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നത് പിന്നീട് തീരുമാനിക്കുമെന്നാണ് സൂചന. ഘടകകക്ഷിയായി പരിഗണിക്കാതെ സഹകക്ഷിയായി പരിഗണിക്കുന്ന രീതിയാണ് അസോഷ്യേറ്റ് പാര്‍ട്ടി. നിലവില്‍ ആര്‍.എം.പി യു.ഡി.എഫിന്റെ അസോഷ്യേറ്റ് പാര്‍ട്ടിയാണ്.

അസോഷ്യേറ്റ് പാര്‍ട്ടി മുന്നണിക്കകത്ത് ഉണ്ടായിരിക്കില്ല. എന്നാല്‍ മുന്നണിയുമായി സഹകരിക്കും. യു.ഡി.എഫ് യോഗത്തില്‍ പങ്കെടുക്കാനും സാധിക്കില്ല. ഇക്കാര്യത്തില്‍ വ്യക്തത വരുത്താനാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന യോഗത്തില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെ അന്‍വറുമായുള്ള തുടര്‍ചര്‍ച്ചകള്‍ക്ക് ചുമതലപ്പെടുത്തിയത്.

നിയമസഭയില്‍ സ്വതന്ത്രമായ നിലപാടെടുക്കാന്‍ അസോഷ്യേറ്റ് പാര്‍ട്ടിക്ക് കഴിയും. തൃണമൂല്‍ കോണ്‍ഗ്രസിനെ മുന്നണിയില്‍ ഉള്‍പ്പെടുത്തുന്നതില്‍ ഘടകകക്ഷികള്‍ക്ക് എതിര്‍പ്പില്ലെന്നാണ് ലഭിക്കുന്ന വിവരം. എന്നാല്‍ ദേശീയതലത്തില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്വീകരിക്കുന്ന നിലപാടുകളാണ് കോണ്‍ഗ്രസിനെ അത്തരമൊരു തീരുമാനത്തില്‍നിന്നു പിന്നോട്ടുവലിക്കുന്നത്.

 

Comments