Thursday , June 26 2025, 6:10 pm

വയനാട്ടില്‍ 6,500 തെരുവുനായകള്‍; ബത്തേരിയില്‍ എ.ബി.സി സെന്റര്‍ നാളെ പ്രവര്‍ത്തനം തുടങ്ങും

കല്‍പറ്റ: വയനാട്ടില്‍ 6,500 തെരുവുനായകള്‍. ദേശീയ മൃഗസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായി മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ നടത്തിയ നിരീക്ഷണത്തിലാണ് ഇത്രയും തെരുവുനായകളെ കണ്ടതെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സി. അസൈനാര്‍, മൃഗസംരക്ഷണ വകുപ്പ് ഡപ്യൂട്ടി ഡയറക്ടര്‍ ഡോ.സജി ജോസഫ്, ബത്തേരി ബ്ലോക്ക് പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴസ്ണ്‍ ലത ശശി എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ബത്തേരിയില്‍ തെരുവുനായ പ്രജനന നിയന്ത്രണ കേന്ദ്രം(എ.ബി.സി സെന്റര്‍) നാളെയും(30) പടിഞ്ഞാറത്തറയില്‍ നാല് മാസത്തിനകവും പ്രവര്‍ത്തനം തുടങ്ങുമെന്ന് അവര്‍ പറഞ്ഞു.

ബത്തേരിയില്‍ ബ്ലോക്ക് പഞ്ചായത്തിനു കീഴില്‍ വെറ്ററിനറി പോളി ക്ലിനിക് വളപ്പിലാണ് എ.ബി.സി സെന്റര്‍ പ്രവര്‍ത്തിക്കുക. ബത്തേരി മുനിസിപ്പാലിറ്റിയിലെയും ബത്തേരി, പനമരം ബ്ലോക്കുകളിലെ ഒമ്പത് പഞ്ചായത്തുകളിലെയും തെരുവുനായകളെ ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ ഘട്ടങ്ങളായി പിടികൂടി സെന്ററിലെത്തിച്ച് വന്ധ്യംകരിക്കും. ചികിത്സയും പേ വിഷബാധയ്ക്കെതിരായ കുത്തിവയ്പ്പും നല്‍കി ഇവയെ പിടിച്ചെടുത്തുതന്നെ മോചിപ്പിക്കും. നായകളെ തിരിച്ചറിയുന്നതിന് ചെവിയില്‍ അടയാളമിടും. തെരുവുനായകളുടെ എണ്ണം നിയന്ത്രിക്കുകയും പൊതുജനാരോഗ്യം സംരക്ഷിക്കുകയുമാണ് എ.ബി.സി പദ്ധതി ലക്ഷ്യം. മൃഗസംരക്ഷണ വകുപ്പ് ത്രിതല പഞ്ചായത്തുകളുടെ സഹകരണത്തോടെയാണ് പദ്ധതി പ്രാവര്‍ത്തികമാക്കുന്നത്.

ബത്തേരിയില്‍ ഓപ്പറേഷന്‍ തിയേറ്റര്‍, ശസ്ത്രക്രിയയ്ക്ക് നായകളെ തയാറാക്കുന്നതിനുള്ള മുറികള്‍, സര്‍ജറിക്കുശേഷം അവയെ പരിചരിക്കുന്നതിനു എയര്‍ കണ്ടീഷന്‍ ചെയ്ത ഷെല്‍ട്ടര്‍ എന്നിവ സജ്ജമാക്കിയിട്ടുണ്ട്. സെന്ററിന് അനിമല്‍ വെല്‍ഫെയര്‍ ബോര്‍ഡ് ഓഫ് ഇന്ത്യയുടെ അംഗീകാരം ലഭിച്ചിട്ടുണ്ട്. പടിഞ്ഞാറത്തറ എ.ബി.സി സെന്ററിന്റെ നിര്‍മാണം പൂര്‍ത്തിയാക്കി ബോര്‍ഡ് അംഗീകാരം നേടാനുള്ള നീക്കം നടന്നുവരികയാണ്. മാനന്തവാടി മുനിസിപ്പാലിറ്റിയും മാനന്തവാടി, കല്‍പറ്റ ബ്ലോക്കുകളിലെ പഞ്ചായത്തുകളുമാണ് പടിഞ്ഞാറത്തറ സെന്ററിനു പരിധിയില്‍ വരിക. ഒരു വെറ്ററിനറി സര്‍ജന്‍, നാല് മൃഗപരിപാലകര്‍, ഒരു ഓപ്പറേഷന്‍ തിയേറ്റര്‍ സഹായി, നായ പിടിത്തക്കാര്‍ എന്നിവരടങ്ങുന്ന ടീമാണ് എ.ബി.സി കേന്ദ്രത്തില്‍ ഉണ്ടാകുക. നായകളെ പാര്‍പ്പിക്കുന്നതിന് ബത്തേരി സെന്ററില്‍ 69 കൂട് സജ്ജമാക്കിയിട്ടുണ്ട്.

സ്‌കൂള്‍ പരിസരം, മാര്‍ക്കറ്റുകള്‍, ടൗണുകള്‍, ഉന്നതികള്‍ എന്നിവിടങ്ങളില്‍ ചുറ്റിത്തിരിയുന്ന നായകളെയാണ് ആദ്യം പിടികൂടി സെന്ററില്‍ എത്തിക്കുക. നായകളെ പിടിക്കുന്ന സ്ഥലവും സമയവും അതതു പഞ്ചായത്തുകളെ മുന്‍കൂട്ടി അറിയിക്കും. പിടിക്കുന്ന നായകളുടെ എണ്ണവും സ്ഥലവും വാര്‍ഡ് അംഗം സാക്ഷ്യപെടുത്തും.

Comments