Tuesday , March 3 2026, 8:23 pm

രാഹുൽ മാങ്കൂട്ടത്തിനെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എക്കെതിരെ എ.ഐ.സി.സിക്കും പ്രിയങ്ക ഗാന്ധിക്കും പരാതി നൽകി യൂത്ത് കോൺഗ്രസ്‌ സംസ്ഥാന ജനറൽ സെക്രട്ടറി സജന ബി. സാജൻ. രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ യൂത്ത് കോണ്‍ഗ്രസില്‍ പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് സജന പരാതിയുമായി രംഗത്തെത്തിയത്.

     രാഹുലിനെതിരെയുള്ള ആരോപണങ്ങള്‍ പാര്‍ട്ടി അന്വേഷിക്കണം. ദേശീയ തലത്തിലുള്ള വനിതാ നേതാക്കളെ ഉൾപ്പെടുത്തി അന്വേഷണ കമീഷനെ നിയോഗിച്ച് ഇരയാക്കപ്പെട്ട പെൺകുട്ടികളെ നേരിൽ കണ്ട് വിഷയം ഗൗരവത്തോടെ ചർച്ച ചെയ്യണം എന്നാണ് സജ്നയുടെ പരാതിയിലെ ആവശ്യം. ഇതേ ആവശ്യ തന്നെയാണ് പ്രിയങ്കാ ഗാന്ധിക്ക് നൽകിയ പരാതിയിലും ഉള്ളത്. സ്ത്രീപക്ഷ നിലപാടുകളിൽ ഇരട്ടത്താപ്പ് കാണിക്കുന്ന പ്രസ്ഥാനമാണ് കോൺഗ്രസ്‌ എന്ന സംശയം ജനങ്ങളിൽ നിന്നും മാറ്റണമെന്നും സജന പറയുന്നുണ്ട്.

         കഴിഞ്ഞ ദിവസം രാഹുൽ മാങ്കൂട്ടത്തിലിനെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് സജ്ന ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു.നേരത്തെയും രാഹുൽ മാങ്കൂട്ടത്തിലിനെതിരെ എ.ഐ.സി.സിക്ക് പരാതി ലഭിച്ചിരുന്നുവെന്നാണ് വിവരം. അതിനിടെയാണ് വനിതകളെ ഉള്‍പ്പെടുത്തി വിഷയം അന്വേഷിക്കണമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവ് തന്നെ ആവശ്യപ്പെടുന്നത്.മുൻ കെ.പി.സി.സി പ്രസിഡന്‍റ് കെ. സുധാകരൻ രാഹുലിനെ പരസ്യമായി പിന്തുണച്ച് രംഗത്തെത്തിയിരുന്നു. അതിനിടെയാണ് യൂത്ത് കോൺഗ്രസ് നേതാവിൽ നിന്നുതന്നെ ഇത്തരത്തിലൊരു പരാതി ഉയരുന്നത്.കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി, പ്രിയങ്ക ഗാന്ധി എം.പി എന്നിവര്‍ക്കാണ് പരാതി നല്‍കിയിട്ടുള്ളത്.

        ഒരു വനിത ഐ.പി.എസ് ഉദ്യോഗസ്ഥ യുവതിയിൽ നിന്ന് നേരിട്ട് മൊഴിയെടുത്തുവെങ്കിലും രാഹുലിനെതിരെ ലൈംഗിക പീഡന പരാതി ഉന്നയിച്ചില്ല. കൂടുതൽ ശബ്ദരേഖ പുറത്തുവന്ന സാഹചര്യത്തിലും യുവതിയുമായി അന്വേഷണ സംഘത്തിലെ ചിലർ ബന്ധപ്പെട്ടിരുന്നു. പക്ഷേ പരാതിയുമായി യുവതി സമീപിച്ചാൽ മാത്രമേ നിയമപരമായി മുന്നോട്ടു പോകാൻ ക്രൈംബ്രാഞ്ചിന് കഴിയൂ.

Comments