Tuesday , March 3 2026, 2:43 pm

എന്‍ഡിപിഎസ് കേസുകളില്‍ 80 ശതമാനവും യുവാക്കളും വിദ്യാര്‍ത്ഥികളും; കുട്ടിക്കുറ്റവാളികള്‍ 1822

തിരുവനന്തപുരം: കഴിഞ്ഞ 5 വര്‍ഷത്തിനിടെ സംസ്ഥാനത്ത് എന്‍ഡിപിഎസ് കേസുകളില്‍ വന്‍ വര്‍ധനവെന്ന് റിപ്പോര്‍ട്ടുകള്‍. പ്രതികളാകുന്നതില്‍ 80 ശതമാനവും യുവാക്കളും കുട്ടികളുമെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്. അതേസമയം എക്‌സൈസ് കേസുകളില്‍ കുറവുണ്ടായിട്ടുണ്ട്.

സ്‌കൂളുകളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ പ്രതികളാകുന്ന കേസുകളും കൂടുതലാണ്. വിവിധ എക്‌സൈസ് സ്‌റ്റേഷനുകളിലായി 1822 കുട്ടികള്‍ക്കെതിരെയാണ് മയക്കുമരുന്ന് കേസുകളുളളത്. കേസുകളില്‍ കുട്ടികള്‍ അകപ്പെട്ടാല്‍ ചെറിയ കേസുകളില്‍ പലപ്പോഴും കേസുകള്‍ എടുക്കാറില്ല. ഗുരുതരമായ കുറ്റകൃത്യങ്ങളാണെങ്കില്‍ ഡീ അഡിക്ഷന്‍ സെന്ററുകളിലേക്കോ കൗണ്‍സിലിങിനോ വിടാറും പതിവുണ്ട്. ലഹരിക്കെതിരെ പലതരത്തിലുള്ള ക്യാമ്പയിനുകളും കൊണ്ടുവന്നിട്ടും കുട്ടികള്‍ കുറ്റവാളികളാകുന്ന കേസുകള്‍ കൂടെ വര്‍ധിക്കുന്നത് വലിയ ആശങ്ക ഉയര്‍ത്തുന്നുണ്ട്. ആലപ്പുഴ, പത്തനംതിട്ട, കോട്ടയം, തൃശൂര്‍ ജില്ലകളില്‍ കേസുകള്‍ കൂടുതലാണ്. ആലപ്പുഴയില്‍ 5 വര്‍ഷത്തിനിടെ 769 കേസുകളും പത്തനംതിട്ടയില്‍ 679 കേസുകളും കോട്ടയത്ത് 179 കേസുകളും തൃശൂരില്‍ 147 കേസുകളും ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കുട്ടികള്‍ പ്രതികളായ കേസുകള്‍ ഇല്ലാത്തത് മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകള്‍ മാത്രമാണ്.

80 ശതമാനം എന്‍ഡിപിഎസ് കേസുകളിലും പ്രതികളാകുന്നത് 35 വയസ്സിന് താഴെയുള്ളവരാണ്. 18-35 വയസ്സിനിടയിലുള്ളവര്‍ പ്രതികളായ 18709 കേസുകള്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ടു. കൊല്ലം, കോട്ടയം, തൃശൂര്‍, കണ്ണൂര്‍ ജില്ലകളില്‍ 2000ത്തിന് മുകളില്‍ കേസുകളുണ്ട്. ഏറ്റവും കൂടുതല്‍ യുവാക്കള്‍ പ്രതികളായി കേസ് രജിസ്റ്റര്‍ ചെയ്യപ്പെട്ടത് കോട്ടയം ജില്ലയിലാണ്. 2500 കേസുകള്‍. പാലക്കാട്, കോഴിക്കോട്, വയനാട്, കാസര്‍ഗോഡ് ജില്ലകളില്‍ 1000ത്തില്‍ താഴെ കേസുകളാണ് ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തത്. ഈ കണക്കുകള്‍ പിടിക്കപ്പെട്ട കുറ്റകൃത്യങ്ങളുടെ മാത്രമാണ് എന്നതും ഏറെ ആശങ്കയുണര്‍ത്തുന്നുണ്ട്.

Comments