കൊച്ചി∙ കൊച്ചി മെട്രോ റെയിൽ പാലത്തിന്റെ മുകളിൽനിന്നു ചാടിയ യുവാവ് മരിച്ചു. മലപ്പുറം ചുള്ളിപ്പാറ വീരാശേരി കുഞ്ഞുമൊയ്തീന്റെ മകൻ നിസാറാണു മരിച്ചത്. വടക്കേക്കോട്ടയിൽ നിന്ന് തൃപ്പൂണിത്തുറയിലേക്ക് ടിക്കറ്റടുത്ത ശേഷം നിസാർ പ്ലാറ്റ്ഫോമിൽ പ്രവേശിക്കുകയായിരുന്നു. തുടർന്ന് പ്ലാറ്റ് ഫോമും കടന്ന് ഇയാൾ മുന്നോട്ടേക്ക് ഓടി. ഇതു കണ്ട സെക്യൂരിറ്റി ജീവനക്കാർ ട്രാക്കിലെ വൈദ്യുതി ബന്ധം ഒഴിവാക്കുകയും ട്രെയിൻ സർവീസുകൾ നിർത്തുകയും ചെയ്തിരുന്നു.
അഗ്നിരക്ഷാ സേന അംഗങ്ങളും സ്ഥലത്തെത്തിയിരുന്നു. ഇയാളെ അനുനയിപ്പിക്കാൻ ശ്രമിച്ചെങ്കിലും മെട്രോ ട്രാക്കിൻ്റെ പുറത്തു നിന്ന് താഴേക്ക് എടുത്ത് ചാടുകയായിരുന്നു. ഇതിനിടെ താഴേക്കു ചാടിയാൽ പിടിക്കുന്നതിനു വല ഉൾപ്പെടെ അഗ്നിശമന സേന തയാറാക്കി. എന്നാൽ ഇതിന് അപ്പുറത്തേക്ക് നിസാർ ചാടുകയായിരുന്നു. തുടർന്ന് അതീവ ഗുരുതരാവസ്ഥയിൽ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ നിസാറിനെ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. മെട്രോ സർവീസ് പരിശോധനകൾക്ക് ശേഷം പുനരാരംഭിച്ചിട്ടുണ്ട്.