Thursday , March 5 2026, 4:19 pm

ഭാരം കുറയ്ക്കാൻ കാര്‍ബോഹൈഡ്രേറ്റ് ഒഴിവാക്കേണ്ട, നല്ലതും ചീത്തയും അറിഞ്ഞ് കഴിക്കാം

കാര്‍ബോഹൈഡ്രേറ്റ് കഴിച്ചാല്‍ വണ്ണം വയ്ക്കും,  പ്രമേഹം ഉണ്ടാക്കും, എന്നിങ്ങനെ കാര്‍ബിനെ ശത്രുപക്ഷത്ത് നിര്‍ത്തുന്ന പല കാര്യങ്ങളും നിങ്ങള്‍ നിത്യജീവിതത്തില്‍ കേള്‍ക്കുന്നുണ്ടാകും. എന്ന് വച്ച് ഒരു സുപ്രഭാതത്തില്‍ ഭക്ഷണത്തിലെ കാര്‍ബെല്ലാം ഒഴിവാക്കിയേക്കാം എന്ന് കരുതരുത്. കാരണം നമ്മുടെ ശരീരത്തിന്റെ പ്രധാന ഊര്‍ജ്ജസ്രോതസ്സാണ് കാര്‍ബ്. തലച്ചോറും പേശികളും ചുവന്ന രക്തകോശങ്ങളുമെല്ലാം ശരിയായി പ്രവര്‍ത്തിക്കാന്‍ കാര്‍ബ് ആവശ്യമാണ്. കാര്‍ബ് പൂര്‍ണ്ണമായും ഒഴിവാക്കുക എന്നാല്‍ ഇന്ധനമില്ലാതെ കാര്‍ ഓടിക്കാന്‍ ശ്രമിക്കുന്നത് പോലെയാണ്. അരിയും ഗോതമ്പുമെല്ലാം പണ്ട് മുതലേ ശീലിച്ച നമ്മള്‍ ഇന്ത്യക്കാരെ സംബന്ധിച്ചിടത്തോളം പെട്ടെന്ന് കാര്‍ബോഹൈഡ്രേറ്റ് എല്ലാം ഒഴിവാക്കാന്‍ പറഞ്ഞാലും അത് നടക്കാത്ത കാര്യമാണ്.ഇതിനാല്‍ നല്ല കാര്‍ബിനെയും ചീത്ത കാര്‍ബിനെയും കണ്ടെത്തുകയാണ് ഇവിടെ പ്രധാനമായ കാര്യം.

         ബ്രൗണ്‍ റൈസ്, ഓട്‌സ്, ബാര്‍ലി, മില്ലറ്റുകള്‍ എന്നിവയുള്‍പ്പെടെയുള്ള ഹോള്‍  ഗ്രെയ്‌നുകള്‍ നല്ല കാര്‍ബോഹൈഡ്രേറ്റിന് ഉദാഹരണമാണ്. പരിപ്പ്, കടല, രാജ്മ, വെള്ളകടല പോലുള്ള പയര്‍ വര്‍ഗ്ഗങ്ങള്‍, പ്രകൃതിദത്ത ഫൈബറുള്ള പച്ചക്കറികളും പഴങ്ങളും പാല്‍, യോഗര്‍ട്ട് എന്നിവ പോലെ പ്രോട്ടീനൊപ്പം പതിയെ കാര്‍ബുകള്‍ പുറത്ത് വിടുന്ന ഭക്ഷണങ്ങള്‍ എന്നിവയെല്ലാം നല്ല കാര്‍ബിന്റെ വിഭാഗത്തില്‍പ്പെടുന്നു. ഫൈബറിനും പ്രോട്ടീനും മൈക്രോന്യൂട്രിയന്റുകള്‍ക്കും ഒപ്പം വരുന്ന ഇവ പതിയ ദഹിച്ച് നിങ്ങള്‍ക്ക് ദീര്‍ഘനേരം വയര്‍ നിറഞ്ഞ പ്രതീതി ഉണ്ടാക്കുന്നു. അതേ സമയം വൈറ്റ് റൈസ്, വൈറ്റ് ബ്രഡ്, മൈദ, പൂരി, പറാത്തകള്‍ എന്നിവയെല്ലാം ചീത്ത കാര്‍ബുകളായതിനാല്‍ ഇവയെല്ലാം നിയന്ത്രിക്കേണ്ടത് അത്യാവശ്യമാണ്.

         ബേക്കറി ഉത്പന്നങ്ങള്‍, ബിസ്‌കറ്റുകള്‍, മധുരപാനീയങ്ങള്‍, പായ്ക്ക് ചെയ്ത ജ്യൂസ്, കോളകള്‍, കേക്ക്, പേസ്ട്രി, സംസ്‌കരിച്ച മറ്റ് പലഹാരങ്ങള്‍ എന്നിവയെല്ലാം ചീത്ത കാര്‍ബോഹൈഡ്രേറ്റിന്റെ മറ്റ് ഉദാഹരണങ്ങളാണ്. ഇവയെല്ലാം ഒഴിവാക്കുകയോ   പരിമിതപ്പെടുത്തുകയോ ചെയ്യേണ്ടതാണ്. ഭക്ഷണത്തിനായി പ്ലേറ്റ് നിറയ്ക്കുമ്പോള്‍ 50-25-25 നിയമം പിന്തുടരണമെന്നാണ് ഡയറ്റീഷ്യന്മാര്‍ അഭിപ്രായപ്പെടുന്നത്. 50 ശതമാനം പച്ചക്കറികളും പഴങ്ങളും 25 ശതമാനം പരിപ്പ്, പനീര്‍, മീന്‍, ചിക്കന്‍, മുളപ്പിച്ച പയറുകള്‍ പോലുള്ള പ്രോട്ടീന്‍, 25 ശതമാനം ബ്രൗണ്‍ റൈസ്, ചപ്പാത്തി, മില്ലറ്റുകള്‍ പോലുള്ള ഹോള്‍ കാര്‍ബുകള്‍ എന്നിങ്ങനെ വേണം കഴിക്കാന്‍. ഭക്ഷണത്തിന്റെ അളവും പരിമിതപ്പെടുത്തണം. ഒറ്റയടിക്ക് അഞ്ച് റൊട്ടി അകത്താക്കുന്നതിന് പകരം രണ്ട് റൊട്ടിക്കൊപ്പം കുറച്ച് പരിപ്പോ, പച്ചക്കറിയോ സാലഡോ ഒക്കെ കഴിക്കാവുന്നതാണ്.
Comments