Saturday , October 4 2025, 3:41 am

തിരുവനന്തപുരം ജനറൽ ആശുപത്രിയിൽ ഗുരുതര പിഴവെന്ന് പരാതി; ശസ്ത്രക്രിയക്കിടെ മറന്നുവച്ച ട്യൂബുമായി യുവതി നരകിച്ചത് 2 വർഷത്തോളം

തിരുവനന്തപുരം: തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ ശസ്ത്രക്രിയയില്‍ ഗുരുതര വീഴ്ച സംഭവിച്ചെന്നാരോപിച്ച് യുവതിയും കുടുംബവും രംഗത്ത്. മലയിൻകീഴ് സ്വദേശിനി സുമയ്യയും കുടുംബവുമാണ് പരാതിക്കാർ. 2023 ൽ തൈറോയ്ഡ് ശസ്ത്രക്രിയക്ക് ജനറൽ ആശുപത്രിയിൽ സുമയ്യ എത്തിയിരുന്നു. ഡോ.രാജീവ് കുമാറാണ് റോയ്ഡ് ഗ്രന്ഥി എടുത്തു കളയുന്ന ശസ്ത്രക്രിയ നടത്തിയത്. ശസ്ത്രക്രിയയ്ക്കുശേഷം ഞരമ്പ് കിട്ടാതെ വന്നപ്പോൾ രക്തവും മരുന്നുകളും നൽകാനായി സെൻട്രൽ ലൈനിട്ടു. ഇതിൻ്റെ ഗൈഡ് വയർ വയറ്റിൽ കുടുങ്ങി എന്നാണ് യുവതിയുടെ പരാതി. സുമയ്യയുടെ നെഞ്ചിലാണ് ട്യൂബ് കുടുങ്ങിയിരിക്കുന്നത്. വിഷയത്തിൽ ആരോഗ്യമന്ത്രിക്ക് കുടുംബം പരാതി നൽകിയിട്ടുണ്ട്.

ചികിത്സാപ്പിഴവ് സമ്മതിച്ചുകൊണ്ടുള്ള ഡോക്ടറുടെ ശബ്ദരേഖ എന്നവകാശപ്പെടുന്ന തെളിവുകളും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. രോ​ഗിയുടെ ബന്ധുവിനോടാണ് ഡോക്ടറുടെ വെളിപ്പെടുത്തൽ. പറ്റിയത് തെറ്റ് തന്നെയെന്ന് ഡോക്ടർ രാജീവ് കുമാർ പറയുന്നതാണ് ഓഡിയോയിൽ. മരുന്നിനുള്ള ട്യൂബിട്ടവരാണ് ഉത്തരവാദികളെന്നാണ് ഡോക്ടർ പറയുന്നത്.

ആരോഗ്യപ്രശ്നങ്ങൾ മൂലം ശ്രീചിത്രയിൽ നടത്തിയ പരിശോധനയിലാണ് ​ഗൈഡ് വയർ നെഞ്ചിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തിയത്. ഇനി ശസ്ത്രക്രിയ നടത്തി ട്യൂബ് പുറത്തെടുക്കാനാകില്ലെന്നാണ് വിദഗ്ധ ഡോക്ടർമാർ അറിയിച്ചതായും പരാതിക്കാരി പറഞ്ഞു.

Comments