മലപ്പുറം: കൂട്ടിലങ്ങാടി പാലത്തില്‍ നിന്നും പുഴയിലേക്ക് ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി. തിരൂരങ്ങാടി ഒളകര സ്വദേശി ദേവി നന്ദനയാണ് (21) മരിച്ചത്. മലപ്പുറത്ത് വാടകയ്ക്ക് താമസിച്ച് വരികയായിരുന്നു ദേവി നന്ദന. വെള്ളിയാഴ്ച്ച രാത്രി എട്ടരയോടെ യുവതി പുഴയില്‍ ചാടുന്നത് കണ്ട ദൃക്സാക്ഷികള്‍ ഫയര്‍ ഫോഴ്സില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായിരുന്നില്ല. ശനിയാഴ്ച രാവിലെയാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരും ഫയര്‍ഫോഴ്‌സും സ്‌കൂബ ഡൈവേഴ്‌സും നടത്തിയ തിരച്ചിലില്‍ പാലത്തില്‍ നിന്നും 500 മീറ്റര്‍ അകലെ പുഴയുടെ അരികില്‍ കുറ്റിച്ചെടിയില്‍ തടഞ്ഞു നില്‍ക്കുന്ന നിലയില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.
വെള്ളിയാഴ്ച രാത്രി പാലത്തിന്റെ കൈവരിയില്‍ യുവതി ഇരിക്കുന്നത് കണ്ട ബൈക്ക് യാത്രക്കാരായ ദമ്പതികള്‍ വണ്ടി നിര്‍ത്തുകയും ഇവിടെ ഇരിക്കുന്നത് എന്തിനാണെന്നും ചോദിച്ചിരുന്നു. എന്നാല്‍ ഉടന്‍തന്നെ യുവതി വെള്ളത്തിലേക്ക് എടുത്ത് ചാടുകയായിരുന്നു.