തിരുവനന്തപുരം : ലൈംഗിക പീഡന പരാതിയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിനെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം വലിയമല പൊലീസ് സ്റ്റേഷനിലാണ് എഫ്ഐആർ രജിസ്റ്റർ ചെയ്തത്. കേസ് നേമം പൊലീസ് സ്റ്റേഷനിലേക്ക് കൈമാറും. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചു, നിർബന്ധിച്ച് ഗർഭഛിദ്രം നടത്തി എന്നീ കുറ്റങ്ങളാണ് രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ചുമത്തിയിരിക്കുന്നത്. ബിഎൻഎസ് 89 വകുപ്പ് പ്രകാരം 10 വർഷം തടവ് കിട്ടാവുന്ന കുറ്റമാണ് നിർബന്ധിത ഭ്രൂണഹത്യ. യുവതിയുടെ പരാതിയില്‍ രണ്ടുപേരെ പ്രതിയാക്കിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. യുവതിയുടെ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിലും സുഹൃത്തും പ്രതിപട്ടികയിലുണ്ട്.
തിരുവനന്തപുരം റൂറൽ എസ് പിക്കാണ് കേസിൻ്റെ അന്വേഷണ ചുമതല. കേസിൽ പരാതിക്കാരിയായ അതിജീവിതയുടെ മൊഴി ഇന്നലെ രാത്രി രേഖപ്പെടുത്തിയിരുന്നു. ഡിജിറ്റൽ തെളിവുകളും മെഡിക്കൽ രേഖകളും യുവതി പൊലീസിന് കൈമാറിയിട്ടുണ്ട്. അതേസമയം, കേസില്‍ മുൻകൂർ ജാമ്യത്തിനുള്ള നീക്കം രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സജീവമാക്കി. കൊച്ചിയിലെ അഭിഭാഷകനുമായി രാഹുൽ മാങ്കൂട്ടത്തിൽ ചർച്ച നടത്തി.
മെഡിക്കൽ രേഖകൾ യുവതി പൊലീസിനു മുന്നിൽ ഹാജരാക്കി. ഗർഭിണിയാണെന്നു രാഹുലിനോട് പറഞ്ഞപ്പോൾ ഗർഭഛിദ്രം നടത്താനാണ് പറഞ്ഞത്. അതിനു സമ്മതമല്ലെന്ന് അറിയിച്ചപ്പോൾ ഭീഷണിപ്പെടുത്തി. ഗർഭഛിദ്രം നടത്താൻ പലതവണ നിർബന്ധിച്ചു. കഴിയില്ലെന്നു പറഞ്ഞപ്പോഴെല്ലാം ചീത്ത വിളിച്ചു. ബന്ധത്തിൽനിന്ന് അകലാൻ രാഹുൽ ശ്രമിച്ചു. ഗുളിക നൽകിയാണ് രാഹുൽ ഗർഭഛിദ്രം നടത്തിയത്. എവിടെനിന്നാണ് ഗുളിക എത്തിച്ചതെന്ന് അറിയില്ല. സുഹൃത്ത് വഴിയാണ് എത്തിച്ചത്. ഗുളിക കഴിച്ചെന്ന് വിഡിയോ കോളിലൂടെ ഉറപ്പിച്ചു. ഗുളിക കഴിച്ചശേഷം ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും രക്തസ്രാവവുമുണ്ടായി. സർക്കാർ ആശുപത്രിയിലാണ് ചികിത്സ തേടിയത്. ഗർഭഛിദ്രത്തിന് താൽപര്യമില്ലായിരുന്നെന്നും രാഹുലിന്റെ നിർബന്ധപ്രകാരമാണ് സമ്മതിച്ചതെന്നും യുവതിയുടെ മൊഴിയിലുണ്ട്. ഇന്ന് യുവതിയെ കോടതിയിൽ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താനാണ് പൊലീസ് ആലോചിക്കുന്നത്.
DeToor reflective wanderings…