Saturday , October 4 2025, 2:12 am

മട്ടന്നൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി

കണ്ണൂര്‍: മട്ടന്നൂരില്‍ ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിനെ മയക്കുവെടിവച്ച് പിടികൂടി. വ്യാഴാഴ്ച രാത്രി മുതലാണ് കിളിയങ്ങാട്, മേറ്റടി മേഖലകളില്‍ കാട്ടുപോത്തിന്റെ സാന്നിധ്യം തിരിച്ചറിഞ്ഞത്. വെള്ളിയാഴ്ച രാവിലെ കൂടാളി പഞ്ചായത്തിലെ ചിത്രാരിയിലെ കാടുപിടിച്ച സ്ഥലത്ത് പോത്ത് നിലയുറപ്പിച്ചിരുന്നു. പിന്നീട് വെള്ളിയാംപറമ്പില്‍ കിന്‍ഫ്ര പാര്‍ക്കിനായി ഏറ്റെടുത്ത സ്ഥലത്തേക്ക് മാറി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പോത്തിനെ തിരികെ കാട്ടിലേക്ക് വിടാനുള്ള നടപടികള്‍ ആരംഭിച്ചു.

കാട്ടുപോത്തിനെ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടികൂടുന്നു

സമീപത്ത് വനപ്രദേശമില്ലാത്തത് പ്രതിസന്ധിയായിരുന്നു. തുടര്‍ന്നാണ് ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ അനുമതിയോടെ മയക്കുവെടി വെക്കാന്‍ തീരുമാനിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 3 മണിയോടെ അനുമതി ലഭിച്ചെങ്കിലും സമയം വൈകിയതിനാല്‍ ദൗത്യം പൂര്‍ത്തിയാക്കാനായില്ല. ശനിയാഴ്ച രാവിലെ തുടങ്ങിയ ദൗത്യത്തിനൊടുവിലാണ് പോത്തിനെ മയക്കുവെടി വെക്കാനായത്. കാട്ടുപോത്തിനെ പിടിച്ചു കെട്ടുന്നതിന്റെ ഭാഗമായി പ്രദേശത്ത് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. പോത്തിനെ ആറളം വന്യജീവി സങ്കേതത്തില്‍ തുറന്നുവിടും.

 

 

Comments