സംഘര്‍ഷത്തിന് പുറമെ ഫ്രഷ് കട്ട്‌ അറവു മാലിന്യ സംസ്കാരണ പ്ലാന്റിന് തീയിട്ട സംഭവത്തിൽ 30 പേർക്കെതിരെയും പൊലീസ് കേസെടുത്തു.മാരക ആയുധങ്ങളും സ്ഫോടക വസ്തുക്കളും ഉപയോഗിച്ചുവെന്നും തൊഴിലാളികളെ കണ്ടെയ്നര്‍ ലോറിക്ക് അകത്തിട്ട് പൂട്ടിയെന്നും എഫ്ഐആറിലുണ്ട്. കൊല്ലണം എന്ന ഉദ്ദേശത്തോടെ ലോറിക്ക് തീയിട്ടുവെന്നുമാണ് എഫ്ഐആര്‍. പ്ലാന്‍റും വാഹനങ്ങളും തകർത്തതിൽ ഏകദേശം അഞ്ചു കോടിയുടെ നഷ്ടമാണ് കണക്കാക്കുന്നത്. പ്രദേശവാസി വാവി ആണ് കേസിലെ ഒന്നാം പ്രതി.
          താമരശ്ശേരി കട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രത്തിനെതിരെ ഒരു വിഭാഗം സമരക്കാരുടെ നേതൃത്വത്തിൽ ആസൂത്രിതമായ ആക്രമണം ആണ് ഇന്നലെ നടന്നതെന്നാണ് പൊലീസ് പറയുന്നത്. ഒരു കിലോമീറ്റർ അപ്പുറം ഉള്ള സ്ഥിരം സമരവേദിയിൽ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരുടെ നേതൃത്വത്തിൽ പ്രതിഷേധം നടക്കുമ്പോൾ ആണ് മറ്റൊരു സംഘം മാലിന്യ സംസ്കരണ കേന്ദ്രത്തിന്‍റെ അകത്ത് കയറി വാഹനങ്ങൾക്കും ഫാക്ടറിക്കും തീയിടുന്നത്. സിസിടിവി ക്യാമറകൾ നശിപ്പിച്ച സംഘം വാഹനങ്ങളുടെ ഇന്ധന ടാങ്കുകളിലേക്കാണ് ആദ്യം തീ ഇട്ടത്. തീ അണക്കാൻ പുറപ്പെട്ട ഫയർ ഫോഴ്‌സ് സംഘത്തെ പ്രതിഷേധക്കാർ വഴിയിൽ തടയുകയും ചെയ്തു. തീ പടർന്നു പിടിക്കുമ്പോൾ 12 തൊഴിലാളികൾ ഫാക്ടറിക്ക് അകത്ത് ഉണ്ടായിരുന്നു. പിന്നീട് പൊലീസ് എത്തിയാണ് ഇവരെ രക്ഷപ്പെടുത്തിയത്. താമരശ്ശേരി കാട്ടിപ്പാറയിലെ ഫ്രഷ് കട്ട് മാലിന്യ സംസ്കരണ കേന്ദ്രവും വാഹനങ്ങളും കത്തിച്ച സംഭവത്തിൽ തുടർ നടപടികളുമായി പൊലീസ് മുന്നോട്ടുപോവുകയാണ്. ഇന്നലെ നടന്ന ആക്രമണത്തിൽ 10 ലോറികൾ അടക്കം 15 വാഹങ്ങളും ഫാക്ടറിയും കത്തി നശിച്ചു. അഞ്ച് വാഹനങ്ങൾ തല്ലി തകർക്കുകയും ചെയ്തു.