Saturday , October 4 2025, 3:44 am

വി.എസ് ഇനി ഓര്‍മ്മകളില്‍; സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയായി

ആലപ്പുഴ: കോരിച്ചൊരിയുന്ന മഴയേയും ആയിരക്കണക്കിന് ജനങ്ങളേയും സാക്ഷിയാക്കി വി.എസ് അച്യുതാനന്ദനെന്ന കമ്മ്യൂണിസ്റ്റ് നേതാവ് മണ്ണോടു ചേര്‍ന്നു. പുന്നപ്ര സഖാക്കളുറങ്ങുന്ന പുന്നപ്ര വയലാര്‍ ചുടുകാട്ടില്‍ രാത്രി ഏറെ വൈകിയാണ് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയത്. പ്രത്യേകം തയ്യാറാക്കിയ ചിതയില്‍ ഔദ്യോഗിക ബഹുമതികളോടെയാണ് അദ്ദേഹത്തെ ദഹിപ്പിച്ചത്. കോരിച്ചൊരിയുന്ന മഴയിലും ‘കണ്ണേ കരളേ വിഎസ്സേ, ഞങ്ങടെ നെഞ്ചിലെ റോസാപ്പൂവേ’ വിളികള്‍ നിര്‍ത്താതെ ഉയര്‍ന്നു കേട്ടു.

ആയിരക്കണക്കിന് പ്രവര്‍ത്തകരും സാധാരണക്കാരുമാണ് വി.എസിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ പൊതുദര്‍ശനം നടന്ന ആലപ്പുഴയിലെ വീട്ടിലേക്കും ഡിസിസി ഓഫീസിലേക്കും എത്തിയത്. ജനത്തിരക്ക് മൂലം ആദ്യം നിശ്ചയിച്ച സമയക്രമത്തിനുള്ളില്‍ പൊതുദര്‍ശനം അവസാനിപ്പിക്കാന്‍ കഴിഞ്ഞില്ല. തുടര്‍ന്ന് ബീച്ചിനു സമീപത്തെ റിക്രിയേഷന്‍ ഗ്രൗണ്ടിലൊരുക്കിയ പൊതുദര്‍ശനത്തിലും ആയിരക്കണക്കിന് ആളുകളാണ് അദ്ദേഹത്തെ അവസാനമായി കാണാനെത്തിയത്. നേരത്തേ 4മണിയോടടുത്ത് സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കാമെന്ന് കരുതിയെങ്കിലും രാത്രി 9.15ഓടെയാണ് സംസ്‌കാരം നടത്താനായത്.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളും പ്രവര്‍ത്തകരും സാമൂഹിക സാംസ്‌കാരിക പ്രവര്‍ത്തകരും സംസ്‌കാര ചടങ്ങുകളില്‍ പങ്കെടുത്തു. തുടര്‍ന്ന് നടന്ന അനുസ്മരണ സമ്മേളനത്തില്‍ പാര്‍ട്ടി ജനറല്‍ സെക്രട്ടറി എം.എ ബേബി, സംസ്ഥാന സെക്രട്ടറി ഗോവിന്ദന്‍ മാസ്റ്റര്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, മന്ത്രിസജി ചെറിയാന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പങ്കെടുത്തു. ഒരു നൂറ്റാണ്ടിന്റെ ജീവിതയാത്രയില്‍ എട്ടു പതിറ്റാണ്ടു നീണ്ട സമരജീവിതം വിഎസ്സ് എന്ന നേതാവിനെ ജനഹൃദയങ്ങളില്‍ കുടിയിരുത്തി എന്നതിന്റെ നേര്‍സാക്ഷ്യമായി അവസാന യാത്ര.

Comments