തിരുവനന്തപുരം: സി.പി.എം സ്ഥാപക നേതാക്കളിലൊരാളും മുന്‍മുഖ്യമന്ത്രിയുമായ വി.എസ് അച്യുതാനന്ദന്‍ (102) അന്തരിച്ചു. തിരുവനന്തപുരത്തെ എസ്.യു.ടി ആശുപത്രിയില്‍ ഇന്ന് ഉച്ചയ്ക്ക് 3.20ഓടെയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടര്‍ന്ന ജൂണ്‍ 23ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ച അദ്ദേഹത്തിന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയായിരുന്നു.
വി.എസിന്റെ ഭൗതികദേഹം രാത്രിയോടെ തിരുവനന്തപുരത്തെ വസതിയിലെത്തിക്കും. ചൊവ്വാഴ്ച രാവിലെ ദര്‍ബാര്‍ ഹാളിലെ പൊതുദര്‍ശനത്തിന് ശേഷം രാത്രിയോടെ ആലപ്പുഴയിലെ അദ്ദേഹത്തിന്റെ വീട്ടിലെത്തിക്കും. വ്യാഴാഴ്ച രാവിലെ പാര്‍ട്ടി ജില്ലാകമ്മിറ്റി ഓഫീസില്‍ പൊതുദര്‍ശനത്തിന് ശേഷം ഉച്ചകഴിഞ്ഞ് ആലപ്പുഴ വലിയ ചുടുകാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ സംസ്‌കാരം നടക്കും.
2006 മുതല്‍ 2011വരെ സംസ്ഥാനത്തിന്റെ മുഖ്യമന്ത്രിയായും 2016 മന്ത്രിസഭയില്‍ കാബിനറ്റ് റാങ്കോടെ ഭരണപരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷനുമായിരുന്നു. മൂന്നുതവണ പ്രതിപക്ഷ നേതാവും സിപിഎം സംസ്ഥാന സെക്രട്ടറിയായും പ്രവര്‍ത്തിച്ചിട്ടുണ്ട്. അമ്പലപ്പുഴ, മാരാരിക്കുളം, മലമ്പുഴ എന്നിവിടങ്ങളില്‍ നിന്നായി ഏഴുതവണ എംഎല്‍എ ആയിരുന്നു.
1923 ഒക്ടോബര്‍ 20ന് ആലപ്പുഴയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടില്‍ ശങ്കരന്റേയും അക്കമ്മയുടേയും മകനായാണ് ജനനം. കുഞ്ഞുനാളിലെ മാതാപിതാക്കളെ നഷ്ടപ്പെട്ട വി.എസ് അച്ഛന്റെ സഹോദരിയുടെ സംരക്ഷണത്തിലാണ് വളര്‍ന്നത്. 1940 മുതല്‍ ഇടതുപക്ഷ സഹയാത്രികനായ അദ്ദേഹം ആലപ്പുഴ ഡിവിഷന്‍ സെക്രട്ടറി, ജില്ലാ സെക്രട്ടറി, സിപിഐ ദേശീയ സമിതിയംഗമായും പ്രവര്‍ത്തിച്ചിരുന്നു. 1964ല്‍ സിപിഎം കേന്ദ്ര കമ്മിറ്റിയംഗമായി. 1985 മുതല്‍ 2009 വരെ സിപിഎം പോളിറ്റ് ബ്യൂറോ അംഗമായിരുന്നു.