ജെയ്ക് തോമസ്
ഇർഫാൻ ഹബീബ് മാർക്സിസ്റ്റ് സങ്കേതങ്ങളിൽ ചരിത്രരചനയും വ്യാഖ്യാനവും നടത്തും .
എസ് എഫ് ഐയുടെ കാലിക്കറ്റ് സർവകലാശാലായൂണിയൻ സംഘടിപ്പിച്ച ചടങ്ങിൽ അദ്ദേഹം കേരളത്തിൻ്റെ സവിശേഷമായ സാമുദായികപശ്ചാത്തലം മുൻനിറുത്തി ഒരു ചോദ്യമുന്നയിച്ചു. ഭൂരിപക്ഷവർഗീയതയും ന്യൂനപക്ഷവർഗീയതയും ഒരേ തുലാസ്സിൽ തുങ്ങുമോയെന്ന്.
സി.പി.എം രാഷ്ട്രീയത്തിൻ്റെ നെഞ്ചിലേക്കാണ് ഈ ചോദ്യം തുളഞ്ഞു കയറിയത്.
ശുദ്ധമായ മാർക്സിസ്റ്റ് കാഴ്ചപ്പാടിൽ അതെയെന്ന് പറയേണ്ടി വരും. എന്നാൽ കൽക്കത്ത കോൺഗ്രസ് അംഗീകരിച്ച ജനകീയ ജനാധിപത്യവിപ്ളവലൈനിൽ അധികാരം പിടിക്കണം.അങ്ങനെയെങ്കിൽ, 42 ശതമാനം വരുന്ന ന്യൂനപക്ഷങ്ങളെ കൂടെ കൂട്ടിയാൽ എന്താണ് തെറ്റെന്നായി ഒരു പക്ഷം. ഇതിന് അടവുനയമെന്ന് പേരിട്ടു . മുന്നേ എം.വി രാഘവൻ പറഞ്ഞത് തന്നെ.
1998 മുതലാണ് പുകഞ്ഞു തുടങ്ങിയത് .
ആ വർഷമായിരുന്നു പിണറായി പാർട്ടി സെക്രട്ടറിയായത് .ന്യൂനപക്ഷ പ്രീണനം ഭൂരിപക്ഷവർഗീയതക്ക് വളമാവുമെന്ന് വി എസ് ശഠിച്ചു. കാലം പോകെ വി. എസ് ശരിയായിരുന്നുവെന്ന് രാഷ്ട്രീയം തെളിയിച്ചു.അടവുനയത്തിൽ ലീഗിനെ കൂടെ കൂട്ടണം. അധികാരത്തിലേക്കുള്ള വഴി അത്രയും എളുപ്പമാവും.പറ്റില്ലായെന്ന് വി എസ് കട്ടായം പറഞ്ഞു.
വി എസ് , പിണറായി വിഭാഗീയതയുടെ ആരംഭമാണിത്.
എന്നുവെച്ചാൽ, അധികാരം പിടിക്കുകയെന്ന പ്രാഥമിക അജണ്ടയുടെ പ്രയോഗത്തെ ചൊല്ലിയുള്ള വ്യത്യസ്ത നിലപാടുകൾ.
ലീഗിന് മാത്രമല്ല, ലീഗിനെ പിളർത്തി വന്ന ഐ.എൻ എല്ലിനും പിന്നെയും 27 വർഷം കാത്തിരിക്കേണ്ടി വന്നു ഇടതുമുന്നണിയിൽ കയറി പറ്റാൻ .ഇത് സംഭവിക്കുന്നത് വി എസ് പൂർണമായും സജീവരാഷ്ട്രീയം വിട്ടതിന് ശേഷവും .
വി.എസ് സമരം മുഴുവൻ പിണറായിക്കെതിരെ എന്ന ഒരു വിവരണം ഔദ്യോഗികപക്ഷക്കാർ എന്ന് വിളിക്കപ്പെടുന്നവരിൽ നിന്ന് തുടരെ തുടരെ ഉണ്ടായിട്ടുണ്ട്. 1998 ൽ പിണറായി പാർട്ടി സെക്രട്ടറിയാവുന്നതിൽ വി എസിൻ്റെ സമ്മതം ഹർകിഷൻ സിംഗ് സൂർജിത് ചോദിച്ചു വാങ്ങിയിരുന്നു. പിണറായി സംസ്ഥാന സെക്രട്ടേറിയറ്റിൽ പോലുമില്ലാത്ത ഈ വർഷത്തിന് എത്രയോ മുന്നേ വി എസ് പോളിറ്റ് ബ്യൂറോയിലെത്തിയിരുന്നു. പ്രായത്തിൽ വി എസ് എഴുപതുകളുടെ പകുതിയും പിന്നിട്ടിരുന്നു. പാർട്ടി പാരമ്പര്യത്തിലും തലയെടുപ്പിലും ഒരു താരതമ്യവുമില്ലാത്ത രണ്ടു നേതാക്കൾ. ഇതിലെവിടെ വി എസിന് പിണറായി വിരോധത്തിന് അടിസ്ഥാനമെന്ന അതിലളിതമായ ചോദ്യം ആരും ചോദിച്ചില്ല .
പ്രശ്നം ആശയവ്യക്തതയുടെയും കമ്മ്യൂണിസ്റ്റ് പ്രത്യയശാസ്ത്രകൂറിൻ്റെയുമായിരുന്നു.
ഭരണാസക്തിയുടെയും.
പക്ഷെ, പാർട്ടിഘടനയിൽ സെക്രട്ടറി പ്രധാനമാണ്. കമ്മിസാറാണ്. ചോദ്യം ചെയ്യുപ്പെടാവുന്നതല്ല.അങ്ങനെയാണ് സ്വർണമരമാണേലും പുരക്ക് മുകളിലായാൽ വെട്ടണമെന്ന പ്രയോഗം പലരായി ഏറ്റുപാടിയത്. ഇത് അധികാരവും അതിൻ്റെ പ്രയോഗവുമായി ബന്ധപ്പെട്ട പ്രചാരണങ്ങളാണ്. അല്ലാതെ ആശയ വ്യാഖ്യാനങ്ങളുടെയല്ല . കമ്മ്യൂണിസം ഒരു ആശയമാണ്. ആശയം ചോർന്നാൽ ആത്മാവുണ്ടാവില്ല.
ലാൽ സലാം.