Saturday , October 4 2025, 3:47 am

വി എസ് പാർട്ടി സ്വത്താണോ?

ജെയ്ക് തോമസ്

കേന്ദ്രീകൃത ജനാധിപത്യമെന്നത് ഒരു മാർക്സിസ്റ്റ് പദാവലിയാണ്.

കമ്മ്യൂണിസ്റ്റുകൾ കണ്ടെത്തിയ ഒരു പ്രത്യേകതരം ജനാധിപത്യം. ചർച്ചകളാവാം. പാർട്ടിക്കുള്ളിൽ മാത്രം. ചർച്ചക്കപ്പുറം സ്വതന്ത്ര നിലപാട് പാടില്ല . അങ്ങനെയായാലത് വ്യക്തി പൂജയാവും. കമ്മിസാർ പാർട്ടി സെക്രട്ടറിയാണ്. ജനാധിപത്യത്തിൻ്റെ ജഡ്ജി അദ്ദേഹമാണ്. ജനകീയ ജനാധിപത്യവിപ്ളവത്തെ ഇദ്ദേഹം മുന്നിൽ നിന്ന് നയിക്കും . ഒരു തരം മിലിട്ടറി ലൈനിൽ .

അങ്ങനെയെങ്കിൽ, വി.എസ് അച്യുതാനന്ദൻ പാർട്ടിക്ക് പുറത്തേക്ക് വളരാമോ?

പാടില്ല .അദ്ദേഹത്തിൻ്റെ ഫ്ളെക്സുകളും കട്ടൗട്ടകളും വെക്കാമോ? പാടില്ല . പറഞ്ഞ് ബോധ്യപ്പെടുത്തിയത് പാർട്ടി സെക്രട്ടറി പിണറായി വിജയൻ തന്നെയാണ്.

അങ്ങനെയാണ് പിണറായിയും കോടിയേരിയും വി. എസും ചേർന്ന ത്രിമൂർത്തി ഫ്ളക്സുകൾ 2016 ൽ ഉയർന്നത്. മൂവർ സംഘത്തിൽ നിന്ന് കോടിയേരി വിട പറഞ്ഞു . വി എസ് നിർബന്ധിത പെൻഷനിലായി .

പിന്നെ എന്താക്കും?

2021 ആയപ്പോഴേക്കും പിണറായിയുടെ ഒറ്റയാൻ ഫ്ളെക്സുകളായി. പാർട്ടി തീരുമാനമായാൽ അതിൽ ആക്ഷേപമുണ്ടാവണ്ടേതുമില്ല .പക്ഷെ മരണത്തിൽ വി എസിന് വ്യക്തിപൂജ അനുവദിച്ചു കൊടുത്തു. ഇതിലും വൃത്തിയായി പറഞ്ഞാൽ മരിച്ച വി. എസ് ജനങ്ങളുടേതായിരുന്നു. പാർട്ടി സ്വത്തായിരുന്നില്ല. പാർട്ടിക്കതിൽ വലിയ കൈകാര്യമുണ്ടായിരുന്നില്ല. വിഭാഗീയതക്കാലത്ത് പിണറായി വിജയൻ വാർത്താ സമ്മേളനം വിളിച്ച് ഒസ്യത്ത് പറഞ്ഞ മാതിരിയായിരുന്നില്ല .

2000 ത്തിലായിരുന്നു വി എസ് പാർട്ടിക്ക് പുറത്തേക്ക് വളർന്നു തുടങ്ങിയത്. ജെൻഡറും പരിസ്ഥിതിയും ഐ ടിയുമെല്ലാം കൂടെ നിന്നു. അപൗചാരിക വിദ്യാഭ്യാസത്തിൻ്റെ പരിമിതികളെയും മാർക്സിസ്റ്റ് ഡോഗ്മളെയും അതിജീവിച്ച അസാമാന്യമായ ജൈവ പ്രക്രിയായിരുന്നു ഇത്. ലോകമെമ്പാടും ഇത്തരം മാർക്സിസ്റ്റ് പരിണാമങ്ങൾ നടക്കുന്നുണ്ടായിരുന്ന. ലാറ്റിനമേരിക്കയിലെ പിങ്ക് ടൈഡ്, pink tide പോലെയൊക്കെ . വി. എസിൻ്റെ ഈ വളർച്ചയുടെ ഗുണഭോക്താവ് തീർച്ചയായും പാർട്ടി ആവേണ്ടതായിരുന്നു. പക്ഷെ വ്യക്തിതാത്പര്യങ്ങൾ മേൽക്കൈ നേടിയപ്പോൾ മുന്നേ പറഞ്ഞ കേന്ദ്രീകൃത ജനാധിപത്യത്തിൻ്റെ പിടി വീണു . മാർക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാചട്ടക്കൂടിൻ്റെ വിളംബരങ്ങളായി പാർട്ടി സെക്രട്ടറിയുടെ വാർത്താസമ്മേളനങ്ങൾ .

പാർട്ടി ജയിച്ചു .

വി എസ് ആവശ്യം വരുമ്പോൾ അലങ്കാരവും അല്ലാത്തപ്പോൾ അവമാനിതനുമായി . പുതുക്കക്കാർ പോലും വി എസിന് ദയാവധം വിധിച്ചു. ആരും തിരുത്തി കൊടുത്തില്ല. കൈ പൊള്ളിയപ്പോൾ നുണകളുടെ കുമ്പാരം കൂട്ടി പ്രതിരോധിച്ചു.

വ്യക്തികളുടെ വളർച്ചയും പാർട്ടിക്ക് മുതൽക്കൂട്ടാവണമെന്ന അടിസ്ഥാനപ്രമാണം ലംഘിക്കപ്പെട്ടു .

വി എസ് മാത്രമല്ല, പരിഷ്കൃതരും തെളിമയുള്ളതുമായ ഒരു വിശാല ഇടതുപക്ഷ
ജനസഞ്ചയവും നിശ്ബദരായി . സി.പി.എം വിശ്വാസപ്രമാണങ്ങളുടെ വെളിമ്പറമ്പുകളിലേക്ക് ആട്ടിയോടിക്കപ്പെട്ട ഇവരാണ് വി എസിൻ്റെ വിലാപയാത്രയിൽ തൊണ്ട പൊട്ടിയത്.

വി എസിൻ്റെ മരണം അവർക്ക് ഒത്തൊരുമിക്കാനുള്ള അവസാന അവസരമായിരുന്നു.

ഈ ജനസഞ്ചയം ചിതറി പോവും. രാഷ്ട്രീയഅനാഥരാവും . പാർട്ടി കണക്കെടപ്പിൻ്റെ പട്ടികയിലെങ്ങും ഇല്ലാതെയുമാവാം. ഒരുമിക്കാൻ ഇനിയും കാരണങ്ങളൊന്നുമില്ലാത്ത രാഷ്ട്രീയ അനാഥത്വമാണിവർ.

Comments