ജെയ്ക് തോമസ്
ആലപ്പുഴ സംസ്ഥാനസമ്മേളനമായിരുന്നു ശത്രുസംഹാര ക്യാമ്പ് .
വി എസി നെ ജന്മനാട്ടിൽ ശരിപ്പെടുത്തുകയെന്ന മട്ടിലായിരുന്നു കാര്യങ്ങൾ . പൗരപ്രമുഖരെ ആദരിക്കുന്ന പരിപാടി ആദ്യം.പുറത്തെടുത്തു . ചാനൽ ചർച്ചകളിൽ വി എസ് വിരോധം വിളമ്പിയിരുന്ന മുൻനിരക്കാരെ ആദരിച്ചു. തലയും താടിയും നരച്ച പത്രപ്രവർത്തകരും റിട്ടയർ ചെയ്ത വിപ്ളവകാരികളും വരെ ആദരിക്കപ്പെട്ടു .
സ്വാഗത പ്രസംഗത്തിൽ ആദ്യവെടി പൊട്ടി. ജി സുധാകരൻ വക . അഭിനവ ഗോർബച്ചുമാരെ ശരിയാക്കുമെന്ന പ്രഖ്യാപനം.
സംഘടനാറിപ്പോർട്ടിന്മേലുള്ള ഗ്രൂപ്പ് ചർച്ചകൾ വി.എസ് വധത്തിൽ ഊന്നി . റിപ്പോർട്ടിൽ 40 പേജും ഉഴിഞ്ഞു വെച്ചതും വി എസ് വധത്തിനായിരുന്നു. ചർച്ചകളും നടപടികളും പുരോഗമിക്കുന്നത് വ്യവസ്ഥാപിത സംഘടനാരീതികൾക്ക് വിരുദ്ധമായാണെന്ന് വി എസ് പരാതിപ്പെട്ടു.
ആരോട്?
പ്രഖ്യാപിത പക്ഷപാതിത്വ മുണ്ടായിരുന്ന ജനറൽ സെക്രട്ടറി കാരാട്ടിനോട് . ഇടപെട്ടില്ല .അങ്ങനെയാണ് സമ്മേളനചരിത്രങ്ങളിൽ കേട്ടുകേൾവിയില്ലാത്ത ബഹിഷ്ക്കരണത്തിലേക്ക് വി എസ് നീങ്ങിയത് . ഉച്ചനേരം സമ്മേളനഹാൾ വിട്ടിറങ്ങിയ വി എസിൻ്റെ കൈ പിടിക്കാൻ റെഡ് വാളൻ്റിയേഴ്സും ഉണ്ടായില്ല . വയോവൃദ്ധനെ സി. എസ് സുജാത കൈ താങ്ങി കാറിലെത്തിച്ചു. പൊളിറ്റ് ബ്യൂറോ ചേർന്ന് ഒറ്റ വരി ഉത്തരവിറക്കി .വി.എസ് സമ്മേളനവേദിയിൽ മടങ്ങി വരണം . ദയാവധത്തിന് വിധേയനാവണം .
വീട്ടിൽ വിശ്രമിച്ച വി എസ് പുലർച്ചെ നാലു മണിക്ക് തിരുവനന്തപുരത്തേക്ക് തിരിച്ചു. ശേഷം ഒറ്റ വരി പ്രസ്താവനയിറക്കി .മടക്കമില്ല .
സമ്മേളനം വി എസ് വധത്തിൽ പൊടി പാറ്റി. പൊതുസമ്മേളത്തിൽ പിണറായിയും കോടിയേരിയും പറയാനൊന്നും ബാക്കി വെച്ചില്ല .
2000 ത്തിലാണ് വിഭാഗീയത കൊടി പിടിച്ചത്. മാർക്സിസ്റ്റ് ലെനിനിസ്റ്റ് സംഘടനാ തത്വങ്ങളുടെ ബലം പിണറായി പക്ഷത്തിന് . മാർക്സിസ്റ്റ് ലെനിനിസ്റ്റ് ആശയങ്ങളുടെ അടിത്തറ വി എസിന് .പൊതു സമൂഹത്തിൻ്റെ പിന്തുണ പുറമെയും. പാർട്ടി പിടിക്കുകയെന്ന അജണ്ട പ്രബലമായി. ഉൾപാർട്ടി ജനാധിപത്യം പിണറായി വിശ്വസ്തതക്കുള്ള വേദിയായി തിരഞ്ഞെടുപ്പുകൾ കോ ഓപ്റ്റ് മേളകളായി . വി എസ് അനുകൂല സംശയത്തിൻ്റെ നിഴലിലുള്ളവർ വരെ തഴയപ്പെട്ടു . 2000 മുതൽ 2015 വരെയുള്ള ഒരു തലമുറ പാർട്ടിയിൽ നിന്ന് അപ്രത്യക്ഷമായി.
അഞ്ചരലക്ഷത്തിലധികം വരുന്ന പാർട്ടി അംഗങ്ങളിൽ 56 ശതമാനം പേരും 2015 ന് ശേഷം പാർട്ടിയിലെത്തിയവർ .
പിണറായിക്ക് മുന്നേ പാർട്ടിയും നേതാക്കളും ഉണ്ടായിരുന്നുവെന്ന് ബോധ്യപ്പെടാത്തവർ . അങ്ങനെയാണ് പിണറായിക്ക് ശേഷം വി എസെന്ന മട്ടിൽ സോഷ്യൽ മീഡിയ ചർച്ചകൾ തളിരിടുന്നത്. അതും വി.എസ് വയലാറിൽ എരിഞ്ഞടങ്ങുന്നതിനും മുന്നേ . മരിച്ചു പോയൊരു പ്രിയ സഖാവിന് ആദരമർപ്പിക്കുന്ന സാധാരണ ജനത്തെ അപ്പാടെ അവഹേളിക്കുന്ന ഏർപ്പാട് .അങ്ങനെയാണ് മാർക്സിസ്റ്റ് പദാവലികൾക്ക് പകരം ക്യാപ്ടനും കാരണഭൂതനും തിരുവാതിരയും കയറി കൂടുന്നത്. സഖാവ് പെരുവഴിയിലാവുന്നത്.
പാർട്ടി കോൺഗ്രസുകൾ വരെ സഖാക്കളിൽ കണ്ടെത്തിയ വീഴ്ചയായിരുന്നു ഫെഡറിലിസവും രാഷ്ട്രീയ വിദ്യാഭ്യാസ പാപ്പരത്തവും . ഇതിൻ്റെ വേരുകൾ അന്വേഷിച്ചു പോയാൽ മുന്നേ പറഞ്ഞ സംഘടനാനടത്തിപ്പ് രീതികളിലെത്താം. ഈ പോക്ക് പോയാൽ സംഘടനയുണ്ടാവും, ആളുണ്ടാവില്ലായെന്ന സി.പി.എം ചരിത്രം അത്ര പഴയതുമല്ല.