Friday , August 1 2025, 5:44 am

ബക്കറ്റിലെ വെള്ളമല്ല കടലലയായിരുന്നു വി എസ്

ജെയ്ക് തോമസ്

കൃഷ്ണപിള്ളയും എ.കെ.ജിയുമായിരുന്നു രാഷ്ട്രീയ ഗുരുക്കൾ.

കയർത്തൊഴിലാളികളെ സംഘടിപ്പിക്കാൻ കൃഷ്ണപിള്ള പറഞ്ഞു. കർഷകത്തൊഴിലാളികളെ കൂട്ടാൻ എ.കെ.ജിയും . 14-ാം വയസ്സിൽ കൃഷ്ണപിള്ളയുടെ കൈപിടിച്ചാണ് പാർട്ടിയിലെത്തിയത്. 1937 ൽ പാർട്ടിയുണ്ടാവും വരെ കോൺഗ്രസിലായിരുന്നു. അകമേ വളർന്ന് പുറത്തേക്ക് വിടരാനായിരുന്നു കോൺഗ്രസിൽ സോഷ്യഷിലിസ്റ്റ് ചേരിയുടെ സ്ട്രാട്ട്ജി . അങ്ങനെയാണ് കണ്ണൂർ പാറപ്രത്ത് പാർട്ടിയുണ്ടാവുന്നത്.

പിന്നെ പുന്നപ്ര വയലാറുണ്ടായി .

ബയണറ്റ് കയറിയ കാലുമായി വീണ്ടും പാർട്ടി പ്രവർത്തനത്തിനിറങ്ങി . 47 ൽ സ്വാതന്ത്രത്തിൻ്റെ സൂര്യനുദിക്കുമ്പോഴും ഈ സഖാവ് ജയിലിലായിരുന്നു . കൽക്കത്താ തിസീസിൻ്റെ പേരിൽ. അപ്പോഴേക്കും ഒമ്പതര വർഷം വെളിച്ചം കാണാതെ കടന്നുപോയിരുന്നു. അഞ്ചര വർഷം ജയിലിലും നാലുവർഷം ഒളിവിലും .സഹജമായും റിബലായിരുന്നു പാർട്ടിക്കുള്ളിൽ തെറ്റ് തിരുത്താൻ . പാർട്ടിക്ക് പുറത്ത് സംഘടനയെ സംരക്ഷിച്ചു നിറുത്താൻ .1962 ൽ ചൈനാ യുദ്ധക്കാലത്ത് പാർട്ടിലൈനിനെ ജയിലിൽ കിടന്ന് വെല്ലുവിളിച്ചു . ചൈനാ പക്ഷപാതിത്തതിനെതിരെ . അച്ചടക്ക നടപടിയുണ്ടായി .

അതൊരു തുടക്കമായിരുന്നു.

ഉൾപാർട്ടി വിമർശനം പുറത്ത് പറഞ്ഞ് തുടങ്ങിയപ്പോൾ അച്ചടക്ക നടപടികൾ പരമ്പരയായി. ഇ. എം.എസിനെ വെല്ലുവിളിച്ചപ്പോൾ തരം താഴ്ത്തി .പിണറായിയെ വെല്ലുവിളിച്ചപ്പോൾ 22 വർഷത്തെ പി.ബി അംഗത്വം പോയി. 1980 മുതൽ 1992 വരെ പാർട്ടി സെക്രട്ടറിയായി. 1985 ൽ എം. വി രാഘവൻ പാർട്ടിയെ കൊണ്ടു പോയെന്നായപ്പോൾ തടയിണ കെട്ടി പാർട്ടിയെ സംരക്ഷിച്ചു. പാർട്ടി നേതൃശ്രേണിയിൽ ഒറ്റയായിരുന്നു. അപ്പുറം ഇ എം.എസും നായനാരുമുണ്ടായിരുന്നു. കോഴിക്കോട് സംസ്ഥാന സമ്മേളനത്തിലായിരുന്നു ആദ്യ വീഴ്ച . മത്സരിച്ചു തോറ്റു . നായനാരെ മുന്നിൽ നിറുത്തി ഇ.എം എസ് കളിച്ചെന്ന് എന്നും വിശ്വസിച്ചു . 96 ൽ മാരാരിക്കുളത്തെ മണ്ണിലും തോൽപ്പിച്ചു .

ഓർമകൾ ഒഴിയാത്ത മനസ്സാണിത്.

സി. ഐ.ടി യു വിനെ പിളർത്തി നായനാരെ മുഖ്യമന്ത്രിയാക്കി. 98 ൽ പാലക്കാട് സമ്മേളനത്തിൽ ശത്രുസംഹാരം പൂർത്തിയാക്കി. സി ഐ.ടി.യു നേതൃനിര അപ്പാടെ തുടച്ചുനീക്കപ്പെട്ടു. കൂടെ നിന്ന പിണറായിയെ സെക്രട്ടറിയാക്കി. പി. ബി അംഗമായപ്പോൾ പിണറായി മാറിയെന്ന് തിരിച്ചറിഞ്ഞു . 2000 ത്തിലാണ് പിണറായി, വി എസ് പക്ഷങ്ങളുണ്ടായത് .

2005 ൽ മലപ്പുറം സമ്മേളനത്തിലായിരുന്നു വൻ വീഴ്ച്ച .കൂടെ നിന്നവരെ വിശ്വസിച്ച് പാനൽ വെച്ച് മത്സരത്തിനിറങ്ങി. കൂടെ നിന്നവർ അർധരാത്രി മറുകണ്ടും ചാടിയത് അറിയാതെ പോയി. വി.എസ് വിശ്വസ്തരുടെ പട്ടികയുമായി അപ്പുറം പോയ കുട്ടിനേതാവ് പിന്നെ എം.എൽ എ യും വി. എസിൻ്റെ തന്നെ മന്ത്രിയുമായി. സി. ഐ. ടി യു ദേശീയ നേതാവുമായി.

2006ലും 2011 ലും ശത്രുപക്ഷം നിയമാസഭാമത്സരം നിഷേധിച്ചു. 2011 ൽ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്ന് നീക്കാൻ പിണറായി പക്ഷം ഉത്സാഹിച്ചു. ഉരുൾപൊട്ടൽ പേടിച്ച് കേന്ദ്രനേതുത്വം തടയിട്ടു 2016 ൽ പാർട്ടിയെയും മുന്നണിയെയും മുന്നിൽ നിന്ന് നയിച്ചു. ഭരണം പിടിച്ചു .പാർട്ടി വേദികളിൽ പക്ഷെ ക്ഷണിതാവ് മാത്രമായി ഒതുങ്ങി. അപ്പോഴും പൊതുസമൂഹവും വിശാല ഇടതുപക്ഷവും കൂടെ നിന്നു. നേതാവ് അവർക്കൊപ്പം നിന്നു.

80വർഷവും നാലുതലമുറകളും കടന്നു പോയി. ഒരേയൊരു കൊടിയേ പിടിച്ചിട്ടുള്ളു .പോവുമ്പോഴും ആ തണലിൽ തന്നെയായിരുന്നു യാത്ര .

Comments