Tuesday , March 3 2026, 3:42 pm

വിവാദങ്ങൾ മറികടന്ന് ജയം; ശാസ്തമംഗലം വാർഡിൽ കന്നി വിജയം നേടി മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖ

തിരുവനന്തപുരം: കോർപറേഷനിലെ ശാസ്തമംഗലം വാർഡിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആർ.ശ്രീലേഖയ്ക്ക് വിജയം. മേയര്‍ സ്ഥാനാര്‍ഥിയായി ബിജെപി പരിഗണിക്കുന്ന ശ്രീലേഖ കന്നി പോരാട്ടത്തിലാണ് വിജയം നേടിയത്. തിരഞ്ഞെടുപ്പിനിടെ ഉണ്ടായ രാഷ്ട്രീയ വിവാദങ്ങളെ മറികടന്നാണ് ജയം.ആറ്റുകാല്‍ ക്ഷേത്രത്തിലെ കുത്തിയോട്ടം വിശ്വാസത്തിന്റെ പേരിലുള്ള കുറ്റകൃത്യമാണെന്ന ആര്‍.ശ്രീലേഖയുടെ പഴയ കുറിപ്പ് കോണ്‍ഗ്രസ് പ്രചാരണ ആയുധമാക്കിയിരുന്നു. കുട്ടികള്‍ക്ക് ശാരീരികയും മാനസികവുമായി കടുത്ത പീഡനം ഏറ്റുവാങ്ങേണ്ടിവരുന്നുവെന്ന് ശ്രീലേഖ കുറിപ്പ് എഴുതിയതിനു പിന്നാലെ ബാലാവകാശ കമ്മിഷന്‍ കേസെടുത്തിരുന്നു.

        താന്‍ സ്ഥാനാര്‍ഥി ആയതിന്റെ പേടി കൊണ്ടാണ് ഇത്തരത്തില്‍ പ്രചാരണങ്ങള്‍ ആരംഭിച്ചിരിക്കുന്നതെന്നും അതേക്കുറിച്ചൊന്നും ചിന്തിക്കുന്നില്ലെന്നുമായിരുന്നു ആര്‍.ശ്രീലേഖയുടെ പ്രതികരണം.ഇതിനു പിന്നാലെ ആർ.ശ്രീലേഖയുടെ വോട്ട് അഭ്യർഥിച്ചുള്ള ചുവരെഴുത്തുകളിൽ പേരിനൊപ്പമുണ്ടായിരുന്ന ‘ഐപിഎസ്’ എന്നത് കറുത്ത മഷി കൊണ്ടു മായ്ച്ചതും വാർത്തകളിൽ ഇടംപിടിച്ചു. ആം ആദ്മി പാർട്ടിയിലെ ടി.എസ്.രശ്മി പരാതി ഉന്നയിച്ചതിനു പിന്നാലെയാണ് ഇവ മായ്ച്ചത്. മായ്ക്കാൻ നിർദേശമൊന്നും നൽകിയിട്ടില്ലെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ വ്യക്തമാക്കിയെങ്കിലും എതിർ സ്ഥാനാർഥി ഇതേക്കുറിച്ചു പരാതിപ്പെട്ട സാഹചര്യത്തിൽ ആ സ്ഥാനാർഥിയുടെ വീടിനു മുന്നിലെ ചുവരെഴുത്തുകളിൽനിന്ന് ‘ഐപിഎസ്’ മായ്ക്കാൻ പാർട്ടി പ്രവർത്തകരോടു ശ്രീലേഖ നിർദേശിച്ചു.

Comments