കാസര്‍ഗോഡ്: ദേശീയ പാതയില്‍ മണ്ണിടിഞ്ഞ് കാറിനു മുകളിലേക്ക് വീണു. അപകടത്തില്‍ നിന്നും കാറില്‍ യാത്ര ചെയ്യുകയായിരുന്ന അധ്യാപിക സിന്ധു അത്ഭുതകരമായി രക്ഷപ്പെട്ടു. താനീലേശ്വരത്തിനും ചെറുവത്തൂരിനും ഇടയിലെ വീരമലക്കുന്നാണ് ദേശീയ പാതയിലേക്ക് ഇടിഞ്ഞുവീണത്. മണ്ണും കല്ലും പാതയിലേക്ക് വീഴുമ്പോള്‍ റോഡില്‍ വാഹനങ്ങളുണ്ടായിരുന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. ഇതിനു മുന്‍പ് പലവട്ടം വീരമലക്കുന്നിന്റെ ഭാഗങ്ങള്‍ ഇടിഞ്ഞുവീണ് ഗതാഗതം മുടങ്ങിയിരുന്നു.
മേഘ കണ്‍സ്ട്രക്ഷന്‍സ് ആണ് പ്രദേശത്ത് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. നേരത്തേ ഈ പ്രദേശത്തെ അതീവ ജാഗ്രതാ പട്ടികയില്‍ ജില്ലാ കളക്ടര്‍ ഉള്‍പ്പെടുത്തിയിരുന്നു. മഴ വീണ്ടും ശക്തിപ്രാപിച്ചതോടെയാണ് കുന്നിടിയാന്‍ തുടങ്ങിയത്. ഇത് പ്രദേശവാസികളേയും യാത്രക്കാരേയും ഒരുപോലെ ആശങ്കയിലാക്കുന്നുണ്ട്. അടിയന്തിര നടപടി സ്വീകരിക്കാന്‍ ജില്ലാ കലക്ടര്‍ ജില്ലാ ദുരന്തനിവാരണ അതോറിറ്റിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അപകട സാധ്യത കണക്കിലെടുത്ത് ജില്ല ഭരണകൂടത്തിന്റെ നിര്‍ദേശ പ്രകാരം പ്രദേശത്ത് നിര്‍മാണ കമ്പനി വെളിച്ചവും നിരീക്ഷണത്തിന് ജീവനക്കാരേയും നിയമിച്ചിരുന്നു. നിര്‍മാണത്തിലെ അപാകതയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച സമിതി പ്രദേശം സന്ദര്‍ശിച്ചെങ്കിലും കാര്യമായ പഠനം നടത്താതെ പോയെന്ന ആരോപണമുയരുന്നുണ്ട്. വിഷയത്തില്‍ അടിയന്തിര റിപ്പോര്‍ട്ട് നല്‍കാനും ഗതാഗതം പുനസ്ഥാപിക്കാനും മന്ത്രി എ.കെ ശശീന്ദ്രന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്.