കിളിമാനൂര്‍ : എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റ് ടെക്നിഷ്യന്‍ മരിച്ചതോടെ വെള്ളല്ലൂര്‍ ഊന്നന്‍കല്ലില്‍ നടത്താനിരുന്ന റാപ് ഗായകന് വേടന്റെ (ഹിരണ്‍ദാസ് മുരളി) സംഗീത പരിപാടി റദ്ദാക്കി. ഇതോടെ സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ജനക്കൂട്ടം പ്രതിഷേധിച്ച് സ്റ്റേജിലേക്ക് ചെളിയും കല്ലും വാരിയെറിഞ്ഞത് സംഘര്‍ഷത്തിനിടയാക്കി. ശബ്ദ സംവിധാനങ്ങള്‍ക്കായി എത്തിച്ച ഉപകരണങ്ങള്‍ പലതും നശിച്ചു. എല്‍ഇഡി വോള്‍ സ്ഥാപിക്കുന്നതിനിടെയാണ് ടെക്നിഷ്യന്‍ ആറ്റിങ്ങല്‍ കോരാണി ഇടയ്ക്കോട് ഇളയന്റെ വിളവീട്ടില്‍ ലിജു ഗോപിനാഥ്(42) ഷോക്കേറ്റ് മരിച്ചത്. ഇതേ തുടര്‍ന്ന് സംഗീത പരിപാടിക്ക് എത്താന്‍ കഴിയില്ലെന്ന് വേടന് അറിയിച്ചതായി സംഘാടകര്‍ പറഞ്ഞു.
പുല്ലുവിളാകം ശ്രീ ഭദ്ര ദുര്‍ഗാ ദേവീ ക്ഷേത്രത്തിലെ അത്തം ഉത്സവത്തോടനുബന്ധിച്ച് ഊന്നന്‍കല്ല് ബ്രദേഴ്സാണ് ഊന്നന്‍കല്ലില്‍ വ്യാഴാഴ്ചയാണ് സംഗീത പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. രാത്രി 8 ന് ആരംഭിക്കും എന്ന് അറിയിച്ചിരുന്ന പരിപാടി രാത്രി 10 കഴിഞ്ഞാണ് റദ്ദാക്കിയ വിവരം കാണികളെ അറിയിച്ചത്. ഒട്ടേറെപ്പേര്‍ പരിപാടി കാണാനെത്തിയിരുന്നു. വൈകിട്ട് 4.30 ന് സ്റ്റേജില്‍ എത്തി ശബ്ദ സംവിധാനങ്ങളും ലൈറ്റ് സംവിധാനങ്ങളും വേടന് പരിശോധിച്ചു. ഈ സമയത്തും കാണികള്‍ ഉണ്ടായിരുന്നു. തുടര്‍ന്ന് കാരേറ്റുള്ള ഹോട്ടലില്‍ വിശ്രമിക്കാന്‍ പോയി. ഇതിനു ശേഷമാണ് ലിജു ഷോക്കേറ്റ് മരിച്ചത്. ഇത് അറിഞ്ഞതോടെ വേടന്റെ സംഗീത പരിപാടി അവസാനിപ്പിക്കുകയായിരുന്നു