Tuesday , March 3 2026, 11:40 pm

വേണുവിന്റെ മരണത്തിൽ ചവറയിൽ യുഡിഎഫ് പ്രതിഷേധം;ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് ചൂലു കൊണ്ട് അടിച്ചാണ് പ്രതിഷേധം

തിരുവനന്തപുരം:വേണുവിന്റെ മരണത്തിൽ പ്രതിഷേധിച്ച് ചവറ ഇടപ്പള്ളിക്കോടയിൽ യുഡിഎഫ് പ്രവർത്തകർ ദേശീയപാത ഉപരോധിച്ച് പ്രതിഷേധിക്കുന്നു. ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ ചിത്രത്തിൽ കരി ഓയിൽ ഒഴിച്ച് ചൂലു കൊണ്ട് അടിച്ചാണ് പ്രതിഷേധം. ഇതിനുശേഷം വീണാ ജോർജിന്റെ ഫ്ലക്സ് പ്രവർത്തകർ തീയിട്ട് നശിപ്പിച്ചു. പ്രതിഷേധത്തെ തുടർന്ന് പ്രദേശത്ത് വാഹന ഗതാഗതം സ്തംഭിച്ചു. 

         ആരോഗ്യ കേരളം വെന്റിലേറ്ററിലായതിന്റെ ഇരയാണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ മരിച്ച കൊല്ലം പന്മന സ്വദേശി വേണുവെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു. വേണു മരിച്ചതല്ല, ഒന്‍പതര വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ തകര്‍ത്തു തരിപ്പണമാക്കിയ ആരോഗ്യവകുപ്പും കുത്തഴിഞ്ഞ സംവിധാനങ്ങളും ചേര്‍ന്ന് കൊലപ്പെടുത്തിയതാണ്. സിസ്റ്റം തകര്‍ത്ത ആരോഗ്യമന്ത്രിക്കും സര്‍ക്കാരിനും വേണുവിന്റെ മരണത്തിന്റെ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിഞ്ഞു മാറാനാകില്ലെന്നും സതീശൻ പറഞ്ഞു. 

       മരണ ശേഷവും, തന്നെ മരണത്തിലേക്ക് തള്ളിവിടുന്നവരെ കുറിച്ച് വേണു കേരളത്തോട് സംസാരിക്കുകയാണ്. ഒരു നിവൃത്തിയും ഇല്ലാതെ സര്‍ക്കാര്‍ ആശുപത്രികളെ സമീപിക്കുന്ന കേരളത്തിലെ നിസഹായരായ ഓരോ സാധാരണക്കാരന്റെയും സങ്കടങ്ങളും ആത്മരോഷവുമാണ് വേണു സുഹൃത്തിന് അയച്ച ശബ്ദ സന്ദേശത്തിലുള്ളത്. അടിയന്തര ആന്‍ജിയോഗ്രാമിനു മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ച വേണുവിന് ആറു ദിവസമായിട്ടും ചികിത്സ നല്‍കിയില്ല. നായയെ നോക്കുന്ന കണ്ണ് കൊണ്ടുപോലും രോഗികളെ തിരിഞ്ഞു നോക്കുന്നില്ലെന്നു വേണു തന്നെ ശബ്ദ സന്ദേശത്തില്‍ പറഞ്ഞിട്ടുണ്ട്.

Comments