കോഴിക്കോട്: പനി ബാധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലുള്ള രണ്ടുപേര്‍ക്ക് അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. ഓമശ്ശേരി സ്വദേശികളുടെ മൂന്ന് മാസം പ്രായമായ കുഞ്ഞിനും അന്നശ്ശേരി സ്വദേശിയായ യുവാവിനുമാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇരുവരും മൂന്ന് ആഴ്ചയോളമായി ആശുപത്രിയില്‍ ചികിത്സയിലാണ്.
മെഡിക്കല്‍ കോളജില്‍ നടത്തിയ സ്രവ പരിശോധനയിലാണ് അസുഖം സ്ഥിരീകരിച്ചത്. അതേസമയം രോഗത്തിന്റെ ഉറവിടം കണ്ടെത്തുന്നതില്‍ സങ്കീര്‍ണതകളുണ്ടെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. മൂന്നുമാസം പ്രായമുള്ള കുഞ്ഞിന് അസുഖം വന്നത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. കൂടുതല്‍ പരിശോധനകള്‍ നടത്തിയാലേ രോഗത്തിന്റെ ഉറവിടം കണ്ടെത്താന്‍ സാധിക്കുകയുള്ളൂ.
കഴിഞ്ഞ ദിവസം താമരശ്ശേരിയില്‍ 9 വയസ്സുകാരി അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചിരുന്നു. കുട്ടിയുടെ രണ്ട് സഹോദരങ്ങളും പനി ബാധിച്ച് ചികിത്സയിലാണ്. ഇവരുടെ സ്രവം പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. അടുത്തടുത്ത ദിവസങ്ങളില്‍ ജില്ലയില്‍ രോഗബാധ സ്ഥിരീകരിച്ചത് ഏറെ ആശങ്കപ്പെടുത്തുന്നുണ്ട്. രോഗബാധ സ്ഥിരീകരിച്ച സ്ഥലങ്ങളില്‍ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തില്‍ കൂടുതല്‍ പരിശോധനകള്‍ നടക്കുകയാണ്.