Tuesday , March 3 2026, 8:00 am

പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്‍പിമാര്‍ക്ക് സ്ഥലം മാറ്റം

കോഴിക്കോട്: പേരാമ്പ്ര സംഘര്‍ഷത്തില്‍ ആരോപണ വിധേയരായ രണ്ട് ഡിവൈഎസ്‍പിമാര്‍ക്ക് സ്ഥലം മാറ്റം. പേരാമ്പ്ര ഡിവൈഎസ്‍പി സുനില്‍ കുമാറിനും വടകര ഡിവൈഎസ്‍പി ആര്‍ ഹരിപ്രസാദിനുമാണ് മാറ്റം. എന്നാല്‍ തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഭാഗമായുളള സ്വാഭാവിക നടപടിയാണിതെന്നും ഷാഫിയെ മര്‍ദ്ദിച്ച പൊലീസുകാര്‍ക്കതിരെ നടപടി എടുക്കാത്ത പക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് കടക്കുമെന്നും കോണ്‍ഗ്രസ് പ്രതികരിച്ചു. കണ്ണീര്‍വാതക ഷെല്‍ മുഖത്ത് പതിച്ച് ഗുരുതര പരിക്കേറ്റ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ നിയാസ് ഇന്ന് ആശുപത്രി വിട്ടു.ഷാഫി പറമ്പിൽ എംപിക്കും നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരിക്കറ്റം പേരാമ്പ്ര സംഘര്‍ഷം നടന്ന് കൃത്യം പത്താം നാളാണ് സംഭവത്തില്‍ ആരോപണ വിധേയരായ രണ്ട് ഡിവൈെഎസ്‍പിമാരെയും സ്ഥലം മാറ്റിയുളള ഉത്തരവ് പുറത്ത് വന്നത്.
       വടകര ഡിവൈഎസ്പി ആര്‍ ഹരിപ്രസാദിനെ മെഡിക്കല്‍ കോളജ് എസ്പിയായും പേരാമ്പ്ര ഡിവൈഎസ്പി സുനില്‍ കുമാറിനെ ക്രൈംബ്രാഞ്ച് എസിപിയായുമാണ് സ്ഥലം മാറ്റിയത്. സംഘര്‍ഷത്തിനിടെ ഗ്രനേഡ് കയ്യില്‍ ഇരുന്ന് പൊട്ടി ഹരിപ്രസാദിന്‍റെ വലത് കൈക്ക് സാരമായി പരിക്കേറ്റിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരേ സ്ഥലത്ത് മൂന്നു വര്‍ഷം പൂര്‍ത്തിയാക്കിയവരോ സ്വന്തം താലൂക്കില്‍ ജോലി ചെയ്യുന്നവരോ ആയ 23 ഡിവൈഎസ്‍പി മാരെ സ്ഥലം മാറ്റിക്കൊണ്ട് ഇന്നലെ ഇറങ്ങിയ ഉത്തരവിലാണ് ഹരിപ്രസാദിന്‍റെയും സുനില്‍ കുമാറിന്‍റെയും പേരുളളത്. കണ്ണില്‍ പൊടിയിടാനായുളള തന്ത്രം മാത്രമാണിതെന്നും ഷാഫിയെ മര്‍ദ്ദിച്ച പൊലീസുകാരെ കണ്ടെത്തി നടപടി സ്വീകരിക്കുകയാണ് വേണ്ടതെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു.
Comments