Thursday , July 31 2025, 11:17 am

ജപ്പാനിലും റഷ്യയിലും അമേരിക്കയിലും വീശിയടിച്ച് സുനാമിത്തിരകള്‍; ജപ്പാനില്‍ തിമിംഗലങ്ങള്‍ തീരത്തടിഞ്ഞു

മോസ്‌കോ: ലോകത്തെ ഭീതിയിലാഴ്ത്തി വീണ്ടും സുനാമിത്തിരകള്‍. റഷ്യയിലും ജപ്പാനിലും അമേരിക്കയിലും നാശം വിതച്ച് സുനാമിത്തിരകള്‍ കരതൊട്ടു. ബുധനാഴ്ച രാവിലെ റിക്ടര്‍ സ്‌കെയിലില്‍ 8.8 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ റഷ്യയില്‍ സുനാമിത്തിരകളടിച്ചിരുന്നു. ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമ കംചട്ക ഉപദ്വീപാണ്. മേഖലയില്‍ ഇതുവരെ രേഖപ്പെടുത്തിയതില്‍ ഏറ്റവും തീവ്രതയുള്ള ഭൂകമ്പമാണിതെന്നാണ് അമേരിക്കന്‍ ജിയോളജിക്കല്‍ സര്‍വേ റിപ്പോര്‍ട്ട് ചെയ്തത്.

റഷ്യയില്‍ ഭൂകമ്പത്തില്‍ തകര്‍ന്ന കെട്ടിടം

ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശമാണ് ഇത്. എന്നാല്‍ നിലവില്‍ ആളപായങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. എന്നാല്‍ തുറമുഖങ്ങള്‍ക്ക് സാരമായ കേടുപാടുണ്ടാവുകയും നിരവധി വീടുകള്‍ക്ക് നാശനഷ്ടം ഉണ്ടാകുകയും ചെയ്തിട്ടുണ്ട്.

അതേസമയം ജപ്പാനിലും ശക്തമായ സുനാമിത്തിരകളടിച്ചിട്ടുണ്ട്. തുറമുഖങ്ങള്‍ക്ക് സാരമായ കേടുപാടുകളുണ്ടായതായി അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഏറെ പരിഭ്രാന്ത്രി സൃഷ്ടിച്ച് ജപ്പാനിലെ തീരപ്രദേശങ്ങളില്‍ നിരവധി തിമിംഗലങ്ങള്‍ തീരത്തടിഞ്ഞതിന്റെ ദൃശ്യങ്ങള്‍ വാര്‍ത്താ ചാനലുകള്‍ പുറത്തുവിട്ടു. മൂന്നുമീറ്ററിലേറെ ഉയരത്തിലുള്ള സുനാമിത്തിരകളാണ് നാശം വിതച്ചത്. 20 ലക്ഷത്തോളം ആളുകളോട് പ്രദേശത്ത് നിന്ന് ഒഴിഞ്ഞ് പോകാനാണ് നിര്‍ദേശം.

റഷ്യയ്ക്കും ജപ്പാനും പുറമേ അമേരിക്കയുടെ വിവിധ തീരദേശ മേഖലകളിലും സുനാമിത്തിരകളടിച്ചു. അലാസ്‌കയിലെ പടിഞ്ഞാറന്‍ അല്യൂഷന്‍ ദ്വീപുകളില്‍ ആദ്യഘട്ട സുനാമിത്തിരകള്‍ അടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഇന്ത്യന്‍ സമയം ഉച്ചയോടെ ഹവായി, വടക്കന്‍ കാലിഫോര്‍ണിയ തുടങ്ങിയ പ്രദേശങ്ങളിലും സുനാമി അടിച്ചതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഒരു മീറ്ററിന് മുകളിലുള്ള സുനാമിത്തിരകളാണ് നോര്‍ത്തേണ്‍ കാലിഫോര്‍ണിയ, ക്രസന്റ് സിറ്റി എന്നിവിടങ്ങളില്‍ രേഖപ്പെടുത്തിയത്. അടുത്ത മണിക്കൂറുകളില്‍ വാഷിങ്ടണ്‍, ഒറിഗോണ്‍, അലാസ്‌ക തീരങ്ങളിലും കാനഡയുടെ ഭാഗമായ ബ്രിട്ടീഷ് കൊളംബിയയിലും സുനാമി മുന്നറിയിപ്പുണ്ട്.

ഇക്വഡോര്‍, ഇന്തോനേഷ്യ, പെറു, കൊളംബിയ, ജപ്പാന്‍ എന്നിവിടങ്ങളിലും സുനാമി ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.

Comments