Saturday , October 4 2025, 10:31 am

തേങ്ങ മോഷണമാരോപിച്ച് ആദിവാസി സ്ത്രീക്ക് മര്‍ദനം; റോഡിലൂടെ വലിച്ചിഴക്കുകയും വസ്ത്രം കീറിയെന്നും പരാതി

കോഴിക്കോട്: തേങ്ങ മോഷണം ആരോപിച്ച് ആദിവാസി സമുദായത്തില്‍ പെട്ട യുവതിക്ക് നേരെ അതിക്രമം. കോഴിക്കോട് കുറ്റ്യാടി തൊട്ടില്‍പ്പാലം സ്വദേശിയായ ജീഷ്മ എന്ന യുവതിക്ക് നേരെയാണ് ആക്രമണമുണ്ടായത്. തന്നെ മര്‍ദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴച്ചുവെന്നും വസ്ത്രം വലിച്ചു കീറിയൈന്നും യുവതി പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. എന്നാല്‍ പ്രതികളുടെ രാഷ്ട്രീയ സ്വാധീനം മൂലം പോലീസ് കേസന്വേഷിച്ചില്ലെന്നും യുവതി പറഞ്ഞു.

തേങ്ങാ മോഷണത്തിനെതിരെ പ്രദേശത്ത് രൂപീകരിച്ച കമ്മിറ്റി അംഗങ്ങള്‍ മര്‍ദിച്ചെന്നാണ് യുവതി ആരോപിച്ചത്. മഠത്തില്‍ രാജീവന്‍, മഠത്തില്‍ മോഹനന്‍ എന്നിവര്‍ക്കെതിരെയാണ് പരാതി. പരാതിക്കാരിക്ക് എതിരെ പ്രതികള്‍ മോഷണക്കുറ്റം ആരോപിച്ചിരുന്നു. എന്നാല്‍ വസ്തുതാ വിരുദ്ധമായ കാര്യങ്ങള്‍ പ്രചരിപ്പിച്ചതിനെതിരെ യുവതിയും കുടുംബവും ചോദ്യമുന്നയിച്ചിരുന്നു. വിഷയം സംസാരിക്കാന്‍ പ്രതികളിലൊരാളുടെ വീട്ടില്‍ കുടുംബം പോയ സമയത്താണ് ആക്രമണമുണ്ടായത്.

‘ആദിവാസികളെക്കൊണ്ട് ഒരു രക്ഷയുമില്ലല്ലോ, നിങ്ങളെക്കൊണ്ട് ഞങ്ങള്‍ക്കിവിടെ ജീവിക്കാനാവുന്നില്ലല്ലോ എന്നൊക്കെ പറഞ്ഞു. അവരുടെ തേങ്ങ കളവുപോയെന്നാണ് പറയുന്നത്. ഞാന്‍ എടുത്തിട്ടില്ലെന്നു പറഞ്ഞതാണ്. അപ്പോഴേക്കും കുറേപേരുകൂടി. രാത്രി റോഡിലൂടെ വലിച്ചിഴച്ചു. ഭര്‍ത്താവിന്റെ പേരില്‍ കേസുകൊടുക്കുമെന്ന് പറഞ്ഞെന്നും യുവതി വ്യക്തമാക്കി. സംഭവം നടന്ന ദിവസം തന്നെ പോലീസില്‍ കുടുംബം പരാതി നല്‍കിയിരുന്നു. എന്നാല്‍ ഭര്‍ത്താവിനെതിരെ കേസു കൊടുക്കുമെന്ന ഭീഷണിയില്‍ പരാതി പിന്‍വലിക്കേണ്ടി വന്നു. ആക്രമണത്തിനിടയില്‍ യുവതിയുടെ കാലിന് പരിക്കു പറ്റിയിരുന്നു. എന്നാല്‍ ആശുപത്രിയില്‍ പോകാന്‍ വാഹനം ലഭിച്ചില്ല. പ്രതികള്‍ വാഹനം കിട്ടുന്നതടക്കം ബ്ലോക്ക് ചെയ്തു. മാത്രമല്ല മൈക്കില്‍ കൂടി തന്നെ അപമാനിച്ചു കൊണ്ട് സംസാരിച്ചെന്നും യുവതി പറഞ്ഞു. ഇതിനു ശേഷം വീണ്ടും പരാതി നല്‍കുകയായിരുന്നു.

ആരൊക്കെയാണ് ആക്രമിച്ചതെന്നതടക്കം പൊലീസില്‍ പരാതി നല്‍കിയതാണെന്നും അവര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ലെന്നും യുവതി പറയുന്നു. തേങ്ങാ മോഷണത്തിനെതിരെ ആദിവാസി ജനതയെ കുറ്റവിചാരണ ചെയ്യുന്ന കമ്മിറ്റി പ്രദേശത്ത് പരസ്യമായി പ്രവര്‍ത്തിച്ചിട്ടും അതിനെതിരെ പോലും നടപടി ഉണ്ടായിട്ടില്ലെന്ന ആരോപണവും ശക്തമാണ്. പോലീസിന്റെ ഭാഗത്ത് നിന്ന് നടപടികളെടുക്കാത്തതിനെ തുടര്‍ന്ന് കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

വിഷയം മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ പട്ടിക വര്‍ഗ വികസന വകുപ്പ് മന്ത്രി ഒ.ആര്‍ കേളു അടിയന്തിര റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. പട്ടികവര്‍ഗ വികസന വകുപ്പ് ഡയറക്ടര്‍ക്കാണ് നിര്‍ദേശം നല്‍കിയത്.

Comments