Saturday , October 4 2025, 3:43 am

പാലക്കാട് ആദിവാസി മധ്യവയസ്‌കനെ ആറുദിവസം മുറിയില്‍ പൂട്ടിയിട്ട് പട്ടിണിക്കിട്ട് ഫാംസ്റ്റേ ഉടമ

പാലക്കാട്: പാലക്കാട് മുതലമടയില്‍ ആദിവാസി സമുദായത്തില്‍പ്പെട്ട മധ്യവയസ്‌കനെ മുറിയിലടച്ച് പട്ടിണിക്കിട്ട് ഫാംസ്റ്റേ ഉടമ. മുതലമട മൂചക്കുണ്ട് ചമ്പക്കുഴിയില്‍ താമസിക്കുന്ന വെള്ളയന്‍ (54) ആണ് ക്രൂര മര്‍ദ്ദനത്തിനിരയായത്. ആറുദിവസത്തോളം വെള്ളയനെ ഫാംസ്‌റ്റേ ഉടമയും ജീവനക്കാരില്‍ ചിലരും പട്ടിണിക്കിടുകയും ക്രൂരമായി മര്‍ദിക്കുകയും ചെയ്യുകയായിരുന്നു. മുതലമട ഊര്‍ക്കുളം വനമേഖലയിലെ 12ാം വാര്‍ഡിലെ ഫാംസ്റ്റേയിലെ ജീവനക്കാര്‍ക്കെതിരെയാണ് പരാതി. ഫാംസ്റ്റേയില്‍ ജോലിക്കെത്തിയ വെള്ളയന്‍ പുറത്തു വച്ചിരുന്ന മദ്യക്കുപ്പിയില്‍ നിന്നും മദ്യമെടുത്ത് കുടിച്ചത് ശ്രദ്ധയില്‍പ്പെട്ട ജീവനക്കാരാണ് വെള്ളയനെ പിടിച്ചു വച്ചത്. തുടര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയും ആറുദിവസത്തോളം വെള്ളയന് കൃത്യമായി ഭക്ഷണം നല്‍കാതെയും പീഡിപ്പിക്കുകയായിരുന്നു.

രഹസ്യവിവരത്തെ തുടര്‍ന്ന ഇന്നലെ രാത്രി മുതലമട പഞ്ചായത്ത് മെമ്പര്‍ കല്പനാദേവിയുടെ നേതൃത്വത്തില്‍ നാട്ടുകാരും പൊലീസും ചേര്‍ന്നാണ് വെള്ളയനെ രക്ഷപ്പെടുത്തിയത്. പട്ടിണി കിടന്നതിനെ തുടര്‍ന്ന് ക്ഷീണിതനായ വെള്ളയനെ പാലക്കാട് ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ഒറ്റയ്ക്ക് താമസിച്ചിരുന്ന ആളായിരുന്നു വെള്ളയന്‍. അതുകൊണ്ടുതന്നെ വെള്ളയനെ കാണാനില്ലെന്നത് ആരുടേയും ശ്രദ്ധയില്‍ പെട്ടിരുന്നില്ല. സംഭവം നാട്ടുകാരുടെ ശ്രദ്ധയില്‍ ഇപ്പോള്‍ പെട്ടിരുന്നില്ലെങ്കില്‍ പട്ടിണി മൂലം വെള്ളയന്‍ മരണപ്പെടുന്ന സാഹചര്യം ഉണ്ടാകുമായിരുന്നെന്നും നാട്ടുകാര്‍ പറയുന്നു.

അതേസമയം പോലീസിനെതിരെ ഗുരുതര ആരോപണങ്ങളാണ് ആദിവാസി സംരക്ഷണ സംഘം പ്രസിഡന്റ് ഉയര്‍ത്തിയത്. പോലീസില്‍ പരാതി നല്‍കാന്‍ പേടിയാണെന്നും കഴിഞ്ഞ ആഴ്ച പരാതി പറയാന്‍ പോയ ആദിവാസി യുവാവിനെ പോലീസ് അടിച്ചിരുന്നെന്നും അദ്ദേഹം പറഞ്ഞു. വെള്ളയനെ ഉപദ്രവിച്ചവരെ സംഭവസ്ഥലത്ത് വച്ച് തന്നെ പോലീസിന് അറസ്റ്റ് ചെയ്യാന്‍ കഴിയുമായിരുന്നു. എന്നാല്‍ വെള്ളയനെ കണ്ടെത്തിക്കഴിഞ്ഞപ്പോള്‍ ‘നിങ്ങളുടെ ആളുകളെ നിങ്ങള്‍ക്ക് കിട്ടിയാല്‍ പോരേ, വേണ്ടാത്ത പണിക്ക് പോണോ’ എന്ന് പോലീസ് പറഞ്ഞതായും പ്രസിഡന്റ് പറയുന്നു. മാത്രമല്ല വെള്ളയനെ രക്ഷപ്പെടുത്താന്‍ പോയ ആളുകള്‍ക്കെതിരെ കേസെടുക്കുമോ എന്നാണ് പേടിയെന്നും ഇവര്‍ പറഞ്ഞു.

Comments