Saturday , October 4 2025, 2:12 am

പണിതീരാത്ത റോഡ് മാത്യു കുഴല്‍നാടന്‍ എംഎല്‍എയുടെ നിര്‍ദേശമനുസരിച്ച് ഉദ്ഘാടനം ചെയ്തു; എസ് ഐക്ക് സസ്‌പെന്‍ഷന്‍

മൂവാറ്റുപുഴ: എംഎല്‍എയുടെ നിര്‍ദേശ പ്രകാരം പണിതീരാത്ത റോഡ് ഉദ്ഘാടനം ചെയ്ത ട്രാഫിക് എസ്.ഐക്ക് സസ്‌പെന്‍ഷന്‍. നഗരവികസന പദ്ധതിയുടെ ഭാഗമായി 151 ദിവസമായി അടച്ചിട്ടിരുന്ന മൂവാറ്റുപുഴ നഗരത്തിലെ എംസി റോഡ് ടാറിങ് പൂര്‍ത്തിയാക്കിയ ശേഷം കുറച്ചു വാഹനങ്ങള്‍ക്ക് മാത്രമായി തുറന്നു നല്‍കിയിരുന്നു. ട്രാഫിക് എസ്‌ഐ ആയ കെ.പി സിദ്ദിഖ് ആയിരുന്നു നാടമുറിച്ച് റോഡ് ഉദ്ഘാടനം ചെയ്തത്. ചടങ്ങിനിടെ എം.എല്‍.എ മാത്യു കുഴല്‍നാടന്‍ എസ്.ഐയെ വേദിയിലേക്ക് വിളിക്കുകയും ഉദ്ഘാടനം ചെയ്യാന്‍ ആവശ്യപ്പെടുകയുമായിരുന്നു. ചടങ്ങില്‍ നഗരസഭ ചെയര്‍മാനും പങ്കെടുത്തിരുന്നു. മേലുദ്യോഗസ്ഥരുടെ അനുമതിയില്ലാതെ ഉദ്ഘാടനത്തില്‍ പങ്കെടുത്തുവെന്ന് കാട്ടിയാണ് എസ്‌ഐയ്‌ക്കെതിരെ നടപടിയെടുത്തത്. പണിതീരാത്ത റോഡിന്റെ ഉദ്ഘാടനം നിര്‍വഹിച്ചത് ഗുരുതരമായ കൃത്യവിലോപവും അനൗചിത്യവും അച്ചടക്കലംഘനമാണെന്നും ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഷന്‍.

സര്‍ക്കാരിന്റെ അനുമതിയില്ലാതെയും പണി പൂര്‍ത്തിയാക്കാത്തതുമായ റോഡ് ഉദ്ഘാടനം ചെയ്തത് ഗുരുതര ചട്ടലംഘനമായി ആക്ഷേപം ഉയര്‍ന്നിരുന്നു. രാഷ്ട്രീയ അജണ്ടയ്ക്ക് ഉദ്യോഗസ്ഥര്‍ കൂട്ടുനിന്നുവെന്നും പൊലീസ് ഉദ്യോഗസ്ഥന്‍ രാഷ്ട്രീയ നാടകം കളിച്ചുവെന്നും കാണിച്ച്‌ സിപിഐഎം ഏരിയ സെക്രട്ടറി അനീഷ് എം മാത്യു മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതിയും നല്‍കി. തുടര്‍ന്നാണ് ഡി.ഐ.ജി സതീശ് ബിനോ എസ്.ഐയെ സസ്‌പെന്‍ഡ് ചെയ്തത്. ഉദ്യോഗസ്ഥനെതിരെ ലോ ആന്‍ഡ് ഓര്‍ഡര്‍ ഡിസിപി, കൊച്ചി സിറ്റി ട്രാഫിക്, സ്‌പെഷല്‍ ബ്രാഞ്ച് എന്നീ വിഭാഗങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇതുകൂടി പരിഗണിച്ചാണ് സസ്‌പെന്‍ഷന്‍.

Comments