തിരുവനന്തപുരം: തൈക്കാട് സ്ത്രീകളുടേയും കുട്ടികളുടേയും സര്‍ക്കാര്‍ ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയതിനെ തുടര്‍ന്നുണ്ടായ ബുദ്ധിമുട്ടുകളില്‍ ഇടപെട്ട് മനുഷ്യാവകാശ കമ്മീഷന്‍. തുടര്‍ച്ചയായി മൂന്നുദിവസമായി ശുദ്ധജലമടക്കം ആശുപത്രിയില്‍ ജലവിതരണം മുടങ്ങിയിരുന്നു. ഓപ്പറേഷന്‍ തിയേറ്ററിലടക്കം വെള്ളം കിട്ടാത്ത അവസ്ഥയില്‍ ദുരിതത്തിലായിരിക്കയാണ് രോഗികളും കൂട്ടിരിപ്പുകാരും. അഞ്ച്, ആറ് വാര്‍ഡുകളിലും ഓപ്പറേഷന്‍ തിയേറ്റര്‍, ലേബര്‍ റൂം, പോസ്റ്റ് ഓപ്പറേറ്റീവ് റൂം എന്നിവിടങ്ങളിലും വെള്ളമുണ്ടായിരുന്നില്ല. ഇതോടെ പ്രാഥമിക ആവശ്യങ്ങള്‍ക്ക് പോലും രോഗികളും കൂട്ടിരിപ്പുകാരും ബുദ്ധിമുട്ടി. വെള്ളയമ്പലം – ശാസ്തമംഗലം റോഡില്‍ 700 എം.എം പൈപ്പിലുണ്ടായ ചോര്‍ച്ചയെ തുടര്‍ന്നാണ് പ്രതിസന്ധിയുണ്ടായത്.
തുടര്‍ച്ചയായി മൂന്നു ദിവസം ശുദ്ധജലം മുടങ്ങിയതിനെ കുറിച്ച് ജല അതോറിറ്റി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അന്വേഷണം നടത്തണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ ജസ്റ്റിസ് അലക്‌സാണ്ടര്‍ തോമസ് ഉത്തരവിട്ടു. കുടിവെള്ള വിതരണം പഴയപടി പുനസ്ഥാപിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.