Friday , June 27 2025, 2:50 am

അഡ്വാന്‍സ് ബുക്കിങ്ങില്‍ ഞെട്ടിച്ച് ‘തുടരും’; വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍

മലയാള സിനിമയിലെ എക്കാലത്തെയും ഹിറ്റ് കോംബോയായ മോഹന്‍ലാല്‍ശോഭന താരജോഡികള്‍ ഒന്നിക്കുന്ന പുതിയ ചിത്രം ‘തുടരും’ വെള്ളിയാഴ്ച മുതല്‍ തിയേറ്ററുകളില്‍ എത്തുന്നു. ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിങ് ആരംഭിച്ചു. ഇന്ന് രാവിലെ പത്തുമുതലാണ് ബുക്കിങ് ആരംഭിച്ചത്. കേരളത്തിലെ പ്രധാന സ്‌ക്രീനുകളിലോക്കെ ആദ്യ ഷോകള്‍ ഹൗസ്ഫുള്‍ ആയ സാഹചര്യമാണ്. പ്രേക്ഷക നിരൂപക പ്രശംസ നേടിയ ‘സൗദി വെള്ളക്കയ്ക്ക്’ ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ചിത്രമാണ് തുടരും.

പത്തനംതിട്ട ജില്ലയിലെ റാന്നിയിലെ ഒരു സാധാരണക്കാരനായ ഷണ്‍മുഖം എന്ന ടാക്‌സി െ്രെഡവറിന്റെ കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഏറെ ഇടവേളക്ക് ശേഷമാണ് ഇത്തരമൊരു റിയലിസ്റ്റിക് കഥാപാത്രത്തെ മോഹന്‍ലാല്‍ അവതരിപ്പിക്കുന്നത്. ഒരിടത്തരം ഗ്രാമത്തിന്റെ ഉള്‍ത്തുടിപ്പുകള്‍ കോര്‍ത്തിണക്കിയാണ് ചിത്രത്തിന്റെ അവതരണം. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തില്‍ ശോഭനയാണ് നായിക. ബിനു പപ്പു, ഫര്‍ഹാന്‍ ഫാസില്‍, മണിയന്‍പിള്ള രാജു എന്നിവര്‍ക്കൊപ്പം നിരവധി പുതുമുഖങ്ങളും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. കെആര്‍ സുനിലിന്റേതാണ് കഥ. തരുണ്‍ മൂര്‍ത്തിയും കെആര്‍ സുനിലും ചേര്‍ന്നാണ് തിരക്കഥയും സംഭാഷണവും രചിച്ചത്. രജപുത്ര വിഷ്വല്‍സ് മീഡിയ അവതരിപ്പിക്കുന്ന ചിത്രം നിര്‍മിക്കുന്നത് എം രഞ്ജിത്ത് ആണ്.ഛായാഗ്രഹണം: ഷാജികുമാര്‍, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍: അവന്തിക രഞ്ജിത്, കലാസംവിധാനം: ഗോകുല്‍ദാസ്, മേക്കപ്പ്: പട്ടണം റഷീദ്, കോസ്റ്റിയൂം: സമീരാ സനീഷ്, സൗണ്ട്: വിഷ്ണു ഗോവിന്ദ്, പിആര്‍ഒ: വാഴൂര്‍ ജോസ് തുടങ്ങിയവരാണ് മറ്റ് അണിയറപ്രവര്‍ത്തകര്‍. റാന്നി, തൊടുപുഴ ഭാഗങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയത്. സാഗര്‍ ഏലിയാസ് ജാക്കി’യിലാണ് ശോഭനയും മോഹന്‍ലാലും ഇതിന് മുന്‍പ് ഒന്നിച്ചഭിനയിച്ചത്.

Comments