മലപ്പുറം: മാലിന്യ പ്ലാന്റ് വൃത്തിയാക്കുന്നതിനിടെ മൂന്ന് അതിഥി തൊഴിലാളികള്‍ക്ക് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് വടക്കുംമുറി കളപ്പാറയിലെ കോഴിമാലിന്യ സംസ്‌കരണ യൂണിറ്റിലെ കെമിക്കല്‍ ടാങ്കില്‍ വീണാണ് അപകടം. വികാസ് കുമാര്‍ (29), സമദ് അലി (20), ഹിതേഷ് ശരണ്യ (46) എന്നിവര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഒരാള്‍ അസം സ്വദേശിയും മറ്റു രണ്ടുപേര്‍ ബീഹാര്‍ സ്വദേശികളുമാണ്.
ബുധനാഴ്ച രാവിലെ 11 മണിയോടെയായിരുന്നു അപകടം. ടാങ്ക് വൃത്തിയാക്കാന്‍ ആദ്യം ഇറങ്ങിയ ആള്‍ക്ക് ശ്വാസതടസ്സം ഉണ്ടായതിനെ തുടര്‍ന്ന് രക്ഷിക്കാനായി ശ്രമിക്കുന്നതിനിടെയാണ് മറ്റു രണ്ടുപേര്‍ക്കും ജീവന്‍ നഷ്ടമായത്. ടാങ്കില്‍ ഇറങ്ങിയപ്പോള്‍ തൊഴിലാളികള്‍ ബോധരഹിതരായി വീഴുകയായിരുന്നു. ഇവരെ ഉടന്‍ തന്നെ മഞ്ചേരി മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹങ്ങള്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കയാണ്.