കമ്പ്യൂട്ടറുകള്‍ ഓഫ്‌ലൈന്‍ മോഡിലുള്ളപ്പോള്‍ വൈറസ് കയറില്ലെന്നത് നേരത്തേയുള്ള വിശ്വാസമാണ്. അതുകൊണ്ടുതന്നെ ഇന്റര്‍നെറ്റ് കണക്ട് ചെയ്തില്ലെങ്കില്‍ പേഴ്‌സണല്‍ കമ്പ്യൂട്ടറുകളും ഡൈവൈസുകളുമെല്ലാം സുരക്ഷിതമാണെന്ന വിശ്വാസമാണ് ആളുകള്‍ക്ക്. എന്നാല്‍ ഈ വിശ്വാസത്തെ പാടേ തള്ളിക്കളയുന്നതാണ് പുതിയതരം ‘മമോണ റാന്‍സംവെയര്‍’ എന്ന വൈറസ്. ഓഫ്‌ലൈനിലും ഇവ ഡിവൈസുകളെ ബാധിക്കുമെന്നാണ് സാങ്കേതിക രംഗത്തെ വിദഗ്ദര്‍ നല്‍കുന്ന സൂചന.
ഓഫ്‌ലൈനില്‍ തന്നെ ആക്ടീവ് ആകുന്നതും റൂട്ട് മായ്ച്ചു കളയാനും കഴിവുള്ള ഈ വൈറസിനെ കണ്ടുപിടിക്കല്‍ അതീവ ദുഷ്‌കരമാണ്. റിമോട്ട് കമാന്‍ഡ് ആവശ്യമില്ലാതെ പൂര്‍ണമായും ഓഫ്‌ലൈനില്‍ ഇവ പ്രവര്‍ത്തിക്കും. സിസ്റ്റത്തില്‍ വച്ചുതന്നെ എന്‍ക്രിപ്ഷന്‍ കീകള്‍ ജനറേറ്റ് ചെയ്യുന്നതിനാല്‍ സാധാരണ നെറ്റ് വര്‍ക്ക് നിരീക്ഷണ സംവിധാനങ്ങളെ ഇവ മറികടക്കും എന്നതാണ് വെല്ലുവിളി. എക്‌സിക്യൂട്ട് ചെയ്തു കഴിഞ്ഞാല്‍ മറ്റൊരു സെര്‍വറിനേയോ ഹാക്കറേയോ ബന്ധപ്പെടാതെ തന്നെ ഡേറ്റ എന്‍ക്രിപ്റ്റ് ചെയ്യും. ഇതൊക്കെ തന്നെയാണ് മമോണ വൈറസിനെ ഏറെ ശക്തിയുള്ളതാക്കുന്നതും.
പരമ്പരാഗത രീതിയിലുള്ള റാന്‍സംവെയറുകളേക്കാള്‍ വ്യത്യസ്തമാണ് മമോണ. സാധാരണയായി ഫിസിക്കല്‍ ഡിവൈസുകള്‍ വഴിയാണ് പടരുന്നത്. യുഎസ്ബി, എക്‌സ്റ്റേണല്‍ ഹാര്‍ഡ് ഡിസ്‌ക് തുടങ്ങിയ ഉപകരണങ്ങള്‍ വഴി ഇവ സിസ്റ്റത്തില്‍ കയറിപ്പറ്റാം. വൈറസുള്ള ഡിവൈസ് കമ്പ്യൂട്ടറില്‍ പ്രവര്‍ത്തിപ്പിക്കുന്നതോടെ വൈറസും ഓട്ടോമാറ്റിക് ആയി ആക്ടീവ് ആകും. ഹിഡന്‍ ഫയലുകളേയും ഓട്ടോ റണ്‍ സ്‌ക്രിപ്റ്റുകള്‍, ആന്റിവയറസുകളെ ഇല്ലാതാക്കുന്ന കോഡുകള്‍ ഇവയെയെല്ലാമാണ് ഇവ ബാധിക്കുക എന്നതിനാല്‍ ഏറെ വൈകിയാകും പലപ്പോഴും വൈറസ് ബാധിച്ച കാര്യം ഉപഭോക്താവ് അറിയുന്നത്. ഒരിക്കല്‍ ആക്ടിവേറ്റായാല്‍ പിന്നെ സിസ്റ്റത്തില്‍ നിന്നും ഒഴിവാക്കുക എന്നത് ഏറെ ദുഷ്‌കരവുമാണ്.