Thursday , June 26 2025, 9:27 am

കേരളത്തിലെ ആദ്യ ഏകദിന ക്രിക്കറ്റ് മത്സരം നടന്നത് മലപ്പുറത്ത്; എം.എസ്.പി മൈതാനത്തിന്റെ ക്രിക്കറ്റ് പാരമ്പര്യം

എം.സി വസിഷ്ഠ്

1921 ലെ മലബാര്‍ കലാപത്തിന് 10 വര്‍ഷങ്ങള്‍ക്കും മുമ്പാണ് മലപ്പുറത്തെ പോലീസും, പട്ടാളവും തമ്മിലുള്ള ക്രിക്കറ്റ് മത്സരം അരങ്ങേറുന്നത്. മലബാറിലെ ബ്രിട്ടീഷ് ഭരണകൂടത്തിന്റെ സൈനിക കേന്ദ്രങ്ങളില്‍ പ്രധാനപ്പെട്ടത് മലപ്പുറം ആയിരുന്നു. മലപ്പുറത്തെ കേന്ദ്രീകരിച്ചുകൊണ്ടാണ് 1884 ല്‍ മലബാര്‍ സ്‌പെഷ്യല്‍ പോലീസ് അഥവാ എം.എസ്.പി. രൂപംകൊണ്ടത്.
19, 20 നൂറ്റാണ്ടുകളില്‍ നിരവധി ബ്രിട്ടീഷ് വിരുദ്ധ കലാപങ്ങളുടെ കേന്ദ്രമായിരുന്നു ഇന്നത്ത മലപ്പുറം ജില്ല ഉള്‍പ്പെട്ട ഏറനാട്, വള്ളുവനാട് താലൂക്കുകള്‍. ഇതില്‍ പ്രധാനപ്പെട്ടതാണ് ബ്രിട്ടീഷ് ഭരണകൂടത്തെ പിടിച്ചുകുലുക്കിയ 1921 ലെ മലബാര്‍ കലാപം.

ഡല്‍ഹി ദര്‍ബാറിനോടനുബന്ധിച്ച് 1911 ഡിസംബര്‍ 5 മുതല്‍ 12 വരെ മലബാറിലുടനീളം ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കാന്‍ ബ്രിട്ടീഷ് ഭരണകൂടം തീരുമാനിച്ചു. മലബാറിലെ പ്രധാന നഗരങ്ങളില്‍ ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ആഘോഷ പരിപാടികളുടെ ഭാഗമായി കായിക മത്സരങ്ങളും നാടകങ്ങളും കലാരൂപങ്ങളുടെ പ്രദര്‍ശനവും ഘോഷയാത്രയും ഗംഭീരമായ വെടിക്കെട്ട് വരെ സംഘടിപ്പിക്കപ്പെട്ടു. മലബാറിലെ എം.എസ്.പി. മൈതാനത്ത് 1911 ഡിസംബര്‍ 7 ന് ക്രിക്കറ്റ് മത്സരം നടന്നതായി കോഴിക്കോട് റീജനല്‍ ആര്‍ക്കൈവ്‌സിലെ സെലക്ടീവ് റിക്കോര്‍ഡ്‌സ് 201 എന്ന രേഖ ഫയല്‍ രേഖപ്പെടുത്തുന്നു.
ബ്രിട്ടീഷ് പോലീസും പട്ടാളവും തമ്മിലായിരുന്നു ഏറ്റുമുട്ടിയത്. ഉച്ചക്ക് 2 മുതല്‍ വൈകീട്ട് 5 വരെ നീണ്ടു നിന്ന മത്സരമായിരുന്നു ഇത്. ഒരുപക്ഷേ, കേരളത്തില്‍ രേഖപ്പെടുത്തപ്പെട്ട ആദ്യത്തെ ഏകദിന മത്സരമായിരിക്കാം ഇത്. ക്രിക്കറ്റ് മാത്രമല്ല, അത്‌ലറ്റിക്‌സ് അടക്കമുള്ള പൊതു കായികമത്സരങ്ങള്‍ക്കും ഒരു നൂറ്റാണ്ടു മുമ്പുതന്നെ മലപ്പുറം വേദിയായിരുന്നു. 1911 ഡിസംബര്‍ 8 ന് പട്ടാളക്കാരുടെ കായിക മത്സരങ്ങളും ഡിസംബര്‍ 9 ന് പോലീസുകാരുടെ കായികമത്സരങ്ങളും മലപ്പുറം പോലീസ് മൈതാനത്ത് നടന്നു.
ബ്രിട്ടീഷ് ഭരണകൂടത്തിന് ജനങ്ങളുമായി കൂടുതല്‍ സൗഹൃദബന്ധങ്ങള്‍ സ്ഥാപിക്കാനും, ആഘോഷങ്ങളിലൂടെയും കായികമത്സരങ്ങളിലൂടെയും ബ്രിട്ടീഷ് ഭരണകൂടത്തോട് വിധേയത്വം പുലര്‍ത്തുന്ന ഒരു തലമുറയെ സൃഷ്ടിക്കാനും അവര്‍ ശ്രമിച്ചു. സാംസ്‌കാരിക കൊളോണിയലിസത്തിന്റെ അഥവാ, കള്‍ച്ചറല്‍ കൊളോണിയലിസത്തിന്റെ ഒരു മകുടോദാഹരണമായി ചൂണ്ടിക്കാണിക്കാവുന്നതാണ് ഒരു നൂറ്റാണ്ടു മുമ്പ് മലപ്പുറത്ത് നടന്ന ഈ ക്രിക്കറ്റ് മത്സരം.

 

 

 

Comments