Saturday , October 4 2025, 10:18 am

താമരശ്ശേരി ചുരത്തില്‍ ഭാരം കുറഞ്ഞ വാഹനങ്ങള്‍ ഒറ്റവരിയായി കടത്തിവിടും; മഴയുള്ളപ്പോള്‍ യാത്രയ്ക്ക് നിരോധനം ഏര്‍പ്പെടുത്തും

കോഴിക്കോട്: താമരശ്ശേരി ചുരത്തിലൂടെ ഒറ്റവരിയായി ഭാരം കുറഞ്ഞ വാഹനങ്ങള്‍ കടത്തിവിടാന്‍ തീരുമാനം. നിയന്ത്രണങ്ങളോടെ പാത തുറക്കാമെന്ന് കോഴിക്കോട് കലക്ടറുടെ നേതൃത്വത്തില്‍ ചേര്‍ന്ന ദുരന്ത നിവാരണ അതോറിറ്റിയാണ് തീരുമാനമെടുത്തത്. അതേസമയം മഴ ശക്തമായി പെയ്താല്‍ ചുരത്തിലൂടെയുള്ള യാത്ര വീണ്ടും നിരോധിച്ചേക്കും.

വ്യാഴാഴ്ച രാത്രി റവന്യൂ വകുപ്പ് മന്ത്രിയുടെ നേതൃത്വത്തില്‍ വയനാട്, കോഴിക്കോട് കലക്ടര്‍മാരുടെ യോഗം വിളിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. വ്യാഴാഴ്ച പാത ഭാഗികമായി തുറന്നെങ്കിലും മണ്ണിടിഞ്ഞതിനെ തുടര്‍ന്ന്‌ വീണ്ടും ചുരത്തിലൂടെയുള്ള യാത്രയ്ക്ക്‌ നിരോധനം ഏര്‍പ്പെടുത്തിയിരുന്നു. ഉച്ചയ്ക്ക് രണ്ട് മണിയോടെ വ്യൂപോയിന്റിന് സമീപം വീണ്ടും മണ്ണിടിച്ചിലുണ്ടായി. രാത്രിയോടെ ചുരത്തിലെ ഗതാഗത തടസ്സം നീക്കിയെങ്കിലും മണ്ണിടിയാന്‍ സാധ്യതയുള്ളതിനാല്‍ യാത്രാ നിരോധനം നീട്ടുകയായിരുന്നു.

മഴ ശക്തമായി പെയ്യുന്ന സമയങ്ങളില്‍ ചുരത്തിലൂടെ വാഹന ഗതാഗതം അനുവദിക്കില്ല. ചുരത്തിലൂടെ പോകുന്ന വാഹനങ്ങള്‍ വേഗം കുറച്ചും ജാഗ്രതയോടെയും പോകണമെന്ന് ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഭാരം കൂടിയ വാഹനങ്ങള്‍ നാടുകാണി, കുറ്റ്യാടി ചുരം വഴിയും കണ്ണൂര്‍ റോഡും ഉപയോഗപ്പെടുത്തണമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്.

Comments