Saturday , October 4 2025, 2:28 pm

താമരശേരി ഫോറസ്റ്റ് റേഞ്ച് ഓഫീസ് ആക്രമണം: കേസില്‍ കൂറുമാറിയ വനം ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി സര്‍ക്കാര്‍ ഉത്തരവായി

കല്‍പറ്റ: കസ്തൂരിരംഗന്‍ റിപ്പോര്‍ട്ടിനെതിരായ സമരത്തിനിടെ 2003 നവംബര്‍ 15ന് താമരശേരി റേഞ്ച് ഫോറസ്റ്റ് ഓഫീസില്‍ നടന്ന അതിക്രമവുമായി ബന്ധപ്പെട്ട് താമരശേരി പോലീസ് രജിസ്റ്റര്‍ ചെയ്ത 915/12 നമ്പര്‍ കേസില്‍ കൂറുമാറിയ സാക്ഷികളായ വനം ഉദ്യോഗസ്ഥരെ കുറ്റവിമുക്തരാക്കി സര്‍ക്കാര്‍ ഉത്തരവായി. കേസിനു ആസ്പദമായ സംഭവം നടന്ന കാലം ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫീസറായിരുന്ന എം.കെ.രാജീവന്‍, ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍മാരായ ബി.കെ.പ്രവീണ്‍കുമാര്‍, എം.സുബ്രഹ്മണ്യന്‍, വി.പി.സുരേന്ദ്രന്‍ എന്നിവര്‍ക്കെതിരായ അച്ചടക്ക നടപടി അവസാനിപ്പിച്ചാണ് ഉത്തരവ്.
റേഞ്ച് ഓഫീസില്‍ അതിക്രമം നടത്തിയവരെ തിരിച്ചറിയാമെന്ന് ഈ ഉദ്യോഗസ്ഥര്‍ പോലീസിന് മൊഴി നല്‍കിയിരുന്നു. എന്നാല്‍ മാറാട് സ്‌പെഷ്യല്‍ കോടതിയില്‍ 136/2017 നമ്പറായി കേസ് നടന്നുവരവേ അക്രമികളെ ഇപ്പോള്‍ കണ്ടാല്‍ തിരിച്ചറിയാന്‍ കഴിയില്ലെന്നും പ്രതികളുടെ പേര് പോലീസിന് പറഞ്ഞുകൊടുത്തോ എന്നത് ഓര്‍മയില്ലെന്നും മൊഴി നല്‍കി. ഇതേത്തുടര്‍ന്ന് കേസിലെ മുഴുവന്‍ പ്രതികളെയും വെറുതെവിട്ട് 2023 സെപ്റ്റംബര്‍ 20ന് കോടതി ഉത്തരവായി. ഈ സാഹചര്യത്തില്‍ ഭരണവിഭാഗം അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് കൂറുമാറിയ ഉദ്യോഗസ്ഥര്‍ക്കെതിരേ കര്‍ശന അച്ചടക്ക നടപടി ശിപാര്‍ശ ചെയ്തു. ശിപാര്‍ശ അംഗീകരിച്ച സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കി അച്ചടക്ക നടപടി ആരംഭിച്ചു.
2025 ഏപ്രില്‍ 10ന് നടത്തിയ ഹിയറിംഗില്‍ കുറ്റാരോപിതര്‍ വാദം പറഞ്ഞു. ആക്രമണം കണ്ടു ഭയന്ന തങ്ങള്‍ പ്രാണരക്ഷാര്‍ഥം താമരശേരി മജിസ്‌ട്രേറ്റ് കോടതി ഭാഗത്തേക്ക് ഓടി മാറിയെന്ന് അറിയിച്ചു. പോലീസ് തയാറാക്കിയതായി പറയുന്ന മൊഴി കണ്ടിരുന്നില്ലെന്നും അറസ്റ്റുചെയ്ത പ്രതികളെ കാണിച്ച് പോലീസ് തിരിച്ചറിയല്‍ പരേഡ് നടത്തിയിട്ടില്ലെന്നും ബോധിപ്പിച്ചു. പ്രതികളുടെ തിരിച്ചറിയില്‍ പരേഡ് പോലീസ് നടത്താതിരുന്നത് ഗുരുതര വീഴ്ചയായി കോടതി വിധിന്യായത്തില്‍ പറഞ്ഞത് ചൂണ്ടിക്കാട്ടി. പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ തടഞ്ഞുവച്ചത് പ്രയാസം സൃഷ്ടിക്കുന്നതായും ബോധിപ്പിച്ചു.
കേസ് നടത്തിപ്പില്‍ പോലീസ് ഭാഗത്ത് വീഴ്ച സംഭവിച്ചത് കോടതി ചൂണ്ടിക്കാട്ടിയതും ദൃക്‌സാക്ഷികളായ വനം ജീവനക്കാര്‍ പ്രതികളെ തിരിച്ചറിയാത്തതിനാലാണ് പ്രതികളെ വിട്ടയച്ചതെന്നു കോടതി പ്രത്യേകം പരാമര്‍ശിക്കാത്തതും കണക്കിലെടുത്താണ് ഉദ്യോഗസ്ഥരെ അച്ചടക്ക നടപടിയില്‍നിന്നു ഒഴിവാക്കിയത്.

Comments