Saturday , October 4 2025, 8:32 am

നിമിഷപ്രിയയുടെ വധശിക്ഷ വേഗത്തില്‍ നടപ്പാക്കണം; പ്രോസിക്യൂഷനോട് തലാലിന്റെ സഹോദരന്‍

കോഴിക്കോട്: യെമനിലെ ജയിലില്‍ വധശിക്ഷ വിധിക്കപ്പെട്ട് തടവില്‍ കഴിയുന്ന മലയാളി നഴ്‌സ് നിമിഷപ്രിയയുടെ ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്ന് തലാലിന്റെ സഹോദരന്‍. ശിക്ഷ ഉടന്‍ നടപ്പിലാക്കണമെന്നും ഇനിയൊരു ചര്‍ച്ചയ്ക്കില്ലെന്നും തലാലിന്റെ സഹോദരന്‍ അബ്ദുല്‍ ഫത്താഹ് മഹ്ദിയാണ് വ്യക്തമാക്കിയത്. വധശിക്ഷ നടപ്പിലാക്കാന്‍ പുതിയ തിയ്യതി തീരുമാനിക്കണമെന്നും പ്രോസിക്യൂഷന് നല്‍കിയ കത്തിലൂടെ മഹ്ദി ആവശ്യപ്പെട്ടു.

ഇത് രണ്ടാംതവണയാണ് സഹോദരന്‍ വധശിക്ഷ എത്രയും വേഗം നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ട് കത്ത് നല്‍കുന്നത്. ജൂലൈ 16നായിരുന്നു ആദ്യം ശിക്ഷ നടപ്പിലാക്കാന്‍ തീരുമാനിച്ചിരുന്നത്. പിന്നീട് കാന്തപുരം അബൂബക്കര്‍ മുസ്ലിയാര്‍ ഉള്‍പ്പെടെയുള്ളവരുടെ ഇടപെടലില്‍ വധശിക്ഷ മാറ്റിവച്ചിരുന്നു. നിമിഷപ്രിയയുടെ വധശിക്ഷ നീട്ടിയ നടപടിക്ക് പിന്നാലെ തുടര്‍ച്ചയായി പ്രതികരിച്ച് അബ്ദുല്‍ ഫത്താഹ് മഹ്ദി രംഗത്തെത്തിയിരുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു ഇയാളുടെ പ്രതികരണങ്ങളെല്ലാം. ദിയാധനം സ്വീകരിക്കുന്നത് സംബന്ധിച്ച് തീരുമാനമായില്ലെന്നും നിമിഷപ്രിയയുടെ വധശിക്ഷ നടപ്പിലാക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായും അബ്ദുല്‍ ഫത്താഹ് പ്രതികരിച്ചിരുന്നു. അടുത്തിടെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെ നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയിട്ടില്ലെന്ന് മഹ്ദി പ്രതികരിച്ചിരുന്നു.

Comments