Saturday , October 4 2025, 3:46 am

അമേരിക്കയിലെ ടെക്‌സാസില്‍ ശരീഅത്ത് നിയമത്തിന് നിരോധനം

ടെക്‌സാസ്: ശരീഅത്ത് നിയമവും ശരീഅത്ത് കോമ്പൗണ്ടുകളും നിരോധിച്ചു കൊണ്ടുള്ള നിയമം പാസാക്കി ടെക്‌സസ് സ്റ്റേറ്റ് ഗവര്‍ണര്‍. ശരീഅത്ത് നിയമം അടിച്ചേല്‍പ്പിക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ ഉടന്‍ തന്നെ ടെക്‌സാസ് ഡിപാര്‍ട്ട്‌മെന്റ് ഓഫ് പബ്ലിക് സേഫ്റ്റിയേയോ മറ്റ് ഔദ്യോഗിക വിഭാഗങ്ങളേയോ അറിയിക്കണമെന്ന് നിരോധനം പങ്കുവച്ചുകൊണ്ട് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് പറഞ്ഞു. പന്നിയിറച്ചിയും ലോട്ടറിയും മദ്യവും വില്‍ക്കുന്നതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം കടയുടമയെ മതപുരോഹിതന്‍ ഭീഷണിപ്പെടുത്തിയതാണ് പുതിയ നീക്കത്തിന് പിന്നില്‍.

മസ്ജിദ് അല്‍ തൗഹീദിലെ ഖ്വാസിം ഇബ്‌നു അലി ഖാന്‍ എന്ന മതപുരോഹിതന്‍ മുസ്ലിം ഉടമസ്ഥതയിലുള്ള കടകളില്‍ ശരീഅത്ത് നിയമപ്രകാരം അനുവദനീയമല്ലാത്ത വസ്തുക്കള്‍ വില്‍പ്പന നടത്തിയാല്‍ ബഹിഷ്‌കരണം നേരിടേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഇത് സമൂഹ മാധ്യമങ്ങളിലടക്കം വ്യാപകമായി പ്രചരിക്കുകയും ചെയ്തു. ഒരു കടയുടെ മുന്‍പില്‍ വച്ചുള്ള ഖാന്റെ വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചത്. ഇസ്ലാമിക നിയമമനുസരിച്ച് നിഷിദ്ധമായ സാധനങ്ങള്‍ കടയുടമ വില്‍ക്കുന്നുവെന്നായിരുന്നു ഖാന്റെ കുറ്റപ്പെടുത്തല്‍. ഇതൊരു പ്രചരണത്തിന്റെ തുടക്കമാണെന്നും മുസ്ലിം കച്ചവടക്കാര്‍ക്കിടയില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ ഒരു ക്യാമ്പയിന്‍ ആരംഭിക്കുമെന്നും ഖാന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.

ആബട്ടിന്റെ ഈ നീക്കത്തെ കൗണ്‍സില്‍ ഓണ്‍ അമേരിക്കന്‍ ഇസ്ലാമിക് റിലേഷന്‍സ് (കെയര്‍) വിമര്‍ശിച്ചു. 2017ല്‍, ഇസ്ലാമിക നിയമം ഉള്‍പ്പെടെയുള്ള വിദേശ നിയമങ്ങള്‍ സംസ്ഥാന കോടതികളില്‍ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലില്‍ ആബട്ട് ഒപ്പുവെച്ചിരുന്നു.

 

 

Comments