Saturday , October 4 2025, 8:51 am

ഹെല്‍മറ്റും കല്ലും ചെടിച്ചട്ടിയും വരെ ആയുധം; കണ്ണൂര്‍ സര്‍വകലാശാലയില്‍ ഏറ്റുമുട്ടി വിദ്യാര്‍ത്ഥികള്‍

കണ്ണൂര്‍: സര്‍വകലാശാല യൂണിയന്‍ തിരഞ്ഞെടുപ്പിനിടെ സംഘര്‍ഷഭരിതമായി കണ്ണൂര്‍ സര്‍വകലാശാല. തിരഞ്ഞെടുപ്പ് ആരംഭിക്കുന്നതിന് തൊട്ട്മുന്‍പാണ് എസ്എഫ്‌ഐ-കെഎസ്‌യു പ്രവര്‍ത്തകര്‍ തമ്മില്‍ ഏറ്റുമുട്ടിയത്. വാക്കേറ്റത്തില്‍ തുടങ്ങിയ പ്രശ്‌നങ്ങള്‍ പിന്നീട് സംഘര്‍ഷത്തില്‍ കലാശിക്കുകയായിരുന്നു. ഹെല്‍മറ്റും കല്ലും ചെടിച്ചട്ടിയും വരെ ഉപയോഗിച്ച് വിദ്യാര്‍ത്ഥികള്‍ തമ്മില്‍ ഏറ്റുമുട്ടി. യുഡിഎസ്എഫിന്റെ യുയുസിമാര്‍ എത്തിയ ബസിന് മുന്നിലാണ് സംഘട്ടനമുണ്ടായത്. ഇരുകൂട്ടര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

തിരഞ്ഞെടുപ്പിനിടെ ആവശ്യമെങ്കില്‍ പൊലീസ് സഹായം തേടാന്‍ വിസിക്ക് ഹൈക്കോടതി നിര്‍ദേശമുണ്ടായിരുന്നു. ഇത്തരത്തില്‍ സുരക്ഷയ്ക്കായി എത്തിയ പൊലീസ് സംഘര്‍ഷം ഒഴിവാക്കാന്‍ ശ്രമിച്ചെങ്കിലും പ്രവര്‍ത്തകര്‍ ഒഴിഞ്ഞുപോകാന്‍ തയ്യാറായില്ല. ഇതോടെ പൊലീസ് പലതവണ ലാത്തി വീശി. തുടര്‍ന്നും സംഘര്‍ഷത്തിന് അയവുണ്ടായില്ല. പിന്നീട് സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി കെ.കെ രാഗേഷ് എത്തി എസ്എഫ്‌ഐ പ്രവര്‍ത്തകരോട് മാറി നില്‍ക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് സംഘര്‍ഷം അവസാനിച്ചത്.

എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയായ വിദ്യാര്‍ത്ഥിനി വോട്ടു ചെയ്യാനെത്തിയ മറ്റൊരു യുയുസിയുടെ ബാഗ് തട്ടിപ്പറിച്ച് ഓടിയെന്ന ആരോപണത്തോടെയാണ് സംഘര്‍ഷം മൂര്‍ച്ഛിച്ചത്. തുടര്‍ന്ന പോലീസ് വിദ്യാര്‍ത്ഥിനിയെ തടഞ്ഞുവച്ചു. എന്നാല്‍ വിദ്യാര്‍ത്ഥിനിയും എസ്എഫ്‌ഐയും ആരോപണം നിഷേധിക്കുകയും അകാരണമായി വിദ്യാര്‍ത്ഥിനിയെ തടഞ്ഞു വച്ചെന്ന് ആരോപിക്കുകയും ചെയ്തു.

ഇതിനു പുറമെ വോട്ട് ചെയ്യാനെത്തിയ യുയുസിയെ എസ്എഫ്‌ഐ തട്ടിക്കൊണ്ട് പോയെന്ന് കെഎസ്‌യു രാവിലെ ആരോപിച്ചിരുന്നു. ഇത് വാക്കേറ്റത്തിന് കാരണമായി. രാവിലെ മുതലേ ക്യാമ്പസില്‍ സംഘര്‍ഷ സാധ്യത നിലനിന്നിരുന്നു.

സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് വലിയ പോലീസ് സന്നാഹം ക്യാമ്പസിലുണ്ടായിരുന്നു. വൈസ് ചെയര്‍പേഴ്സണ്‍ സ്ഥാനത്തേക്ക് മത്സരിക്കുന്ന എംഎസ്എഫ് സ്ഥാനാര്‍ഥി നാജിയ റൗഫ് നല്‍കിയ ഹര്‍ജിയില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് പ്രക്രിയകളെല്ലാം വീഡിയോയില്‍ ചിത്രീകരിച്ച് സൂക്ഷിക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചിട്ടുണ്ട്.

Comments