കുളച്ചല്‍: തടി കുറയ്ക്കാനും ഫ്റ്റിനസ്സാകാനുമൊക്കെ യൂട്യൂബിനെ ആശ്രയിക്കുന്നവര്‍ നമുക്കിടയില്‍ ഒരുപാടുണ്ട്. യൂട്യൂബിലെ കണ്ടന്റ് ക്രിയേറ്റേഴ്‌സ് പറയുന്നത് അപ്പടി വിഴുങ്ങുന്നവരും കുറവല്ല. അത്തരത്തിലൊരു ദുരന്തമാണ് കുളച്ചല്‍ സ്വദേശിയായ 17കാരനും സംഭവിച്ചത്.
പ്ലസ്ടു കഴിഞ്ഞ് തിരുച്ചിറപ്പള്ളിയിലെ കോളജില്‍ ചേരുന്നതിന്റെ മുന്നോടിയായാണ് കന്യാകുമാരി ജില്ലയിലെ കുളച്ചലിനു സമീപം പര്‍നട്ടിവിള സ്വദേശി നാഗരാജന്റെ മകന്‍ ശക്തീശ്വര്‍ തടികുറയ്ക്കാന്‍ തുടങ്ങിയത്. യൂട്യൂബില്‍ കയറി തടികുറയ്ക്കാനുള്ള വീഡിയോകള്‍ സ്ഥിരമായി കണ്ടിരുന്ന ശക്തീശ്വര്‍ ഭക്ഷണക്രമത്തില്‍ വലിയ മാറ്റങ്ങളാണ് വരുത്തിയത്. കഴിഞ്ഞ മൂന്നുമാസമായി ജ്യൂസ് ഒഴികെയുള്ള ഭക്ഷണങ്ങളെല്ലാം ഉപേക്ഷിച്ചു. ആഗ്രഹിച്ച ശരീരത്തിലേക്കെത്താനുള്ള യാത്രയ്ക്ക് പക്ഷേ നല്‍കേണ്ടി വന്നത് ശക്തീശ്വറിന്റെ ജീവന്‍ തന്നെയായിരുന്നു. ഭക്ഷണക്രമത്തില്‍ മാറ്റം വരുത്തുന്നതിന് മുമ്പ് കുട്ടി മെഡിക്കല്‍ വിദഗ്ദനേയോ പോഷകാഹാര വിദഗ്ദനേയോ സമീപിച്ചിരുന്നില്ലെന്നാണ് കുടുംബം അന്വേഷണ ഉദ്യോഗസ്ഥരോട് പറഞ്ഞത്.
ശാസ്ത്രീയമല്ലാത്ത ഡയറ്റ് കാരണം കുറച്ചുദിവസം മുന്‍പ് ശക്തീശ്വര്‍ രോഗബാധിതനായി. കഴിഞ്ഞ ദിവസം ശ്വസതടസ്സം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇയാള്‍ കുഴഞ്ഞുവീണു. മാതാപിതാക്കള്‍ കുളച്ചലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. തണുത്ത ജ്യൂസ് പതിവായി കഴിച്ചതിനെ തുടര്‍ന്ന് ശ്വസകോശത്തിലുണ്ടായ അണുബാധയാകാം ശ്വാസതടസ്സത്തിന് കാരണമെന്നാണ് സംശയിക്കുന്നത്.
ശരീരഭാരം വേഗത്തില്‍ കുറയാന്‍ മകന്‍ ചില മരുന്നുകള്‍ കഴിച്ചിരുന്നതായും കുടംബം പറയുന്നുണ്ട്. ഇതിനു പുറമെ അടുത്തിടെ വ്യായാമവും ആരംഭിച്ചിരുന്നു.