Saturday , October 4 2025, 5:12 am

‘പണിക്കിട്ട്’ എഐയുടെ പണി; 2ശതമാനം തൊഴിലാളികളെ പിരിച്ചുവിടാനൊരുങ്ങി ഐടി കമ്പനി

കോഴിക്കോട്: എഐ വന്നാല്‍ പലമേഖലകളിലേയും തൊഴില്‍ ഇല്ലാതാകുമെന്ന് എഐ വന്ന സമയത്ത് തന്നെ കേട്ടുതുടങ്ങിയതാണ്. ഇപ്പോള്‍ ഗ്ലാമറായി നില്‍ക്കുന്ന പല ജോലികളും അടുത്ത 10 വര്‍ഷത്തിനുള്ളില്‍ എഐ കയ്യടക്കുമെന്നും മനുഷ്യരുടെ സഹായം വേണ്ടാതെ തന്നെ ചെയ്യാന്‍ പറ്റുമെന്നും വിദഗ്ദരടക്കം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇപ്പോഴിതാ ഇന്ത്യയിലെ ഐടി ഭീമനായ ടാറ്റാ കണ്‍സല്‍ട്ടന്‍സി സര്‍വീസസ് (ടിസിഎസ്) അത്തരമൊരു തീരുമാനമെടുത്തിരിക്കയാണ്.

ഒരു വര്‍ഷത്തിനുള്ളില്‍ രണ്ട് ശതമാനം ജീവനക്കാരെ കുറയ്ക്കുമെന്ന് കമ്പനി സിഇഒ കെ കൃതിവാസന്‍ ഒരു ദേശീയ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കിയിരിക്കയാണ്. മിഡില്‍, സീനിയര്‍ തലങ്ങളിലെ ഏകദേശം 12000 ത്തിലധം ജീവനക്കാരെ ഇത് ബാധിക്കുമെന്ന് മണി കണ്‍ട്രോള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയെ കൂടുതല്‍ മെച്ചപ്പെട്ടതാക്കുന്നതിന്റെ ഭാഗമായാണ് ഈ നീക്കമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. 2025 ഏപ്രില്‍ മുതല്‍ 2026 മാര്‍ച്ച് വരെയുള്ള കാലയളവിലാണ് തീരുമാനം നടപ്പിലാക്കുക.

ലോകമെമ്പാടുമുള്ള ജീവനക്കാരെ ഇത് പ്രത്യക്ഷത്തില്‍ ബാധിക്കും. 2025 ഏപ്രില്‍-ജൂണ്‍ മാസത്തിലായി കമ്പനി 6071 ജീവനക്കാരെ പുതുതായി നിയമിച്ചിരുന്നു. ലോകമെമ്പാടുമായി കമ്പനിക്ക് 6,13,069 ജീവനക്കാരുണ്ട്. ഈ വര്‍ഷം ജൂണ്‍ 30ന് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം കമ്പനിയുടെ അറ്റദായം 12,760 കോടിയാണ്. ടാറ്റയിലെ മാറ്റം ഒരൊറ്റപ്പെട്ട സംഭവമായല്ല ഐടി മേഖലയിലെ വിദഗ്ദര്‍ കാണുന്നത്. മറ്റു കമ്പനികളും ഇതേ പാത പിന്തുടരാന്‍ സാധ്യതയുണ്ടെന്നത് ആശങ്കപ്പെടുത്തുന്നതാണ്.

 

Comments