കൊച്ചി: താരസംഘടനയായ അമ്മയെ ഇനി വനിതകള്‍ നയിക്കും. വാശിയേറിയ മത്സരത്തില്‍ നടന്‍ ദേവനെ പരാജയപ്പെടുത്തി നടി ശ്വേത മേനോന്‍ പുതിയ പ്രസിഡന്റായി. മൂന്നു പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു വനിത അമ്മയുടെ നേതൃസ്ഥാനത്തേക്ക് എത്തുന്നത്. നടന്‍ രവീന്ദ്രനെ പരാജയപ്പെടുത്തി നടി കുക്കു പരമേശ്വരന്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു. അമ്മയുടെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു വനിത പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്നത്. ലക്ഷ്മി പ്രിയയും ജയന്‍ ചേര്‍ത്തലയുമാണ് പുതിയ വൈസ് പ്രസിഡന്റുമാര്‍. നേരത്തേ അന്‍സിബ ഹസന്‍ എതിരില്ലാതെ ജോയിന്റ് സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഉണ്ണി ശിവപാലാണ് പുതിയ ട്രഷറര്‍.
507 അംഗങ്ങളാണ് അമ്മയിലുള്ളത്. ഇതില്‍ 233 പേര്‍ വനിത അംഗങ്ങളാണ്. 298 പേരാണ് തിരഞ്ഞെടുപ്പില്‍ വോട്ട് രേഖപ്പെടുത്തിയത്. കൊച്ചിയിലെ മാരിയറ്റ് ഹോട്ടലില്‍ രാവിലെ 10 മുതല്‍ ഉച്ചയ്ക്ക് ഒരു മണിവരെയായിരുന്നു തിരഞ്ഞെടുപ്പ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനെ തുടര്‍ന്നുണ്ടായ വിവാദങ്ങളോടെയാണ് മോഹന്‍ലാല്‍ ‘അമ്മ’യുടെ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത്. തുടര്‍ന്നാണ് പുതിയ തിരഞ്ഞെടുപ്പ് നടന്നത്.