Saturday , October 4 2025, 4:48 am

വോട്ട് ക്രമക്കേട് ആരോപണങ്ങളില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് പ്രതികരണമില്ലാതെ സുരേഷ് ഗോപി തൃശ്ശൂരില്‍

തൃശ്ശൂര്‍: വോട്ടര്‍പ്പട്ടിക ക്രമക്കേട് ആരോപണങ്ങള്‍ക്കിടെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലെത്തി. തിരുവനന്തപുരത്ത് നിന്നും തൃശ്ശൂര്‍ റെയില്‍വേ സ്റ്റേഷനിലിറങ്ങിയ സുരേഷ് ഗോപി വോട്ട് ക്രമക്കേട് ആരോപണങ്ങളിലടക്കം മാധ്യമപ്രവര്‍ത്തകരുടെ ഒരു ചോദ്യത്തിനും സുരേഷ് ഗോപി പ്രതികരിച്ചില്ല. ഒടുക്കം ഇത്രയും സഹായിച്ചതിന് നന്ദിയെന്ന് മാത്രം പരിഹാസരൂപേണ മറുപടി പറഞ്ഞു.

റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആദ്യം പോയത് അശ്വിനി ആശുപത്രിയിലേക്കായിരുന്നു. കഴിഞ്ഞ ദിവസം സിപിഐഎം പ്രവര്‍ത്തകരുമായി ഉണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റ ബിജെപി പ്രവര്‍ത്തകരെ സന്ദര്‍ശിക്കാനായിരുന്നു ആശുപത്രിയിലെത്തിയത്. ഈ ഘട്ടത്തിലായിരുന്നു പ്രതികരണം. ബിജെപി നേതാവ് ബി ഗോപാലകൃഷ്ണനും ഒപ്പമുണ്ടായിരുന്നു. വോട്ടര്‍പട്ടിക ക്രമക്കേടില്‍ സുരേഷ് ഗോപിക്കെതിരെ ഗുരുതര ആരോപണങ്ങളാണ് ഉയരുന്നത്. കഴിഞ്ഞ ദിവസം ഡല്‍ഹിയിലും മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം തേടിയെങ്കിലും ഒഴിഞ്ഞുമാറുകയായിരുന്നു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ വന്‍ വോട്ട് ക്രമക്കേട് നടന്നെന്ന ആരോപണത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്. തൃശ്ശൂര്‍ മണ്ഡലത്തില്‍ സ്ഥിര താമസക്കാരല്ലാത്തവരെ വോട്ടര്‍പ്പട്ടികയില്‍ ചേര്‍ത്തുവെന്നായിരുന്നു കോണ്‍ഗ്രസും എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായിരുന്ന വി എസ് സുനില്‍ കുമാറും ആരോപിച്ചത്. വിജയിച്ച സ്ഥാനാര്‍ത്ഥി സുരേഷ് ഗോപിയുടെ സഹോദരന്‍ ഉള്‍പ്പെടെ 11 പേരെ ബൂത്ത് നമ്പര്‍ 116ല്‍ 1016 മുതല്‍ 1026 വരെ ക്രമനമ്പറില്‍ ചേര്‍ത്തുതായി ഡിസിസി പ്രസിഡന്റ് ജോസഫ് ടാജറ്റ് ആരോപിച്ചിരുന്നു.തൃശൂരില്‍ ഫ്‌ലാറ്റുകള്‍ കേന്ദ്രീകരിച്ച് കള്ളവോട്ടുകള്‍ ചേര്‍ത്തത് സുരേഷ് ഗോപിയുടെ നേതൃത്വത്തിലാണെന്നും കോണ്‍ഗ്രസും സിപിഐഎമ്മും ആരോപിച്ചിരുന്നു. പിന്നാലെ സുരേഷ് ഗോപിയുടെ സഹോദരന്‍, ആര്‍എസ്എസ് നേതാവ് കെ ആര്‍ ഷാജി ഉള്‍പ്പെടെയുള്ളവര്‍ക്ക് ഇരട്ട വോട്ടും സുരേഷ് ഗോപിയുടെ ഡ്രൈവര്‍ക്ക് വ്യാജവോട്ടും കണ്ടെത്തിയിരുന്നു. തൃശ്ശൂരിലെ അപ്പാര്‍ട്മെന്റുകളും വാടക വീടുകളും കേന്ദ്രീകരിച്ച് വലിയതോതില്‍ വോട്ട് ചേര്‍ത്തുവെന്ന ആരോപണം ശക്തമാണ്.

 

Comments